'ബയോബബിൾ ഇങ്ങനെയാണെങ്കിൽ ബ്രാഡ്മാനായലും തളരും': ബുംറക്ക് പിന്നാലെ രവിശാസ്ത്രിയും
നീണ്ട കാലയളവില്‍ ബയോ ബബിളില്‍ കഴിയേണ്ടി വന്നാല്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ പ്രകടനം പോലും മോശമാകുമെന്ന് ശാസ്ത്രി പറഞ്ഞു.
പേസ് ബൗളർ ജസ്പ്രീത് ബുംറക്ക് പിന്നാലെ ബയോബബിളിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞ് പരിശീലക സ്ഥാനമൊഴിയുന്ന രവിശാസ്ത്രിയും. നീണ്ട കാലയളവില്‍ ബയോ ബബിളില്‍ കഴിയേണ്ടി വന്നാല്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ പ്രകടനം പോലും മോശമാകുമെന്ന് ശാസ്ത്രി പറഞ്ഞു.
'കഴിഞ്ഞ ആറു മാസത്തോളമായി ഇന്ത്യന്‍ ടീം ബയോ ബബിളിലാണ്. ഞാന്‍ മാനസികമായി തളര്‍ന്നു. പക്ഷേ കളിക്കാര്‍ മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലാണ്. ഐ.പി.എല്ലിനും ട്വന്റി20 ലോകകപ്പിനുമിടയില്‍ അല്‍പം കൂടി ഇടവേളയുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു.'' - ശാസ്ത്രി പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന നിരവധി താരങ്ങള്‍ ടീമിലുണ്ട്. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ വെറും 25 ദിവസം മാത്രമാണ് അവരെല്ലാം വീട്ടിലുണ്ടായിരുന്നത്. നിങ്ങള്‍ ആരുതന്നെയാണെങ്കിലും , ഇനി നിങ്ങളുടെ പേര് ബ്രാഡ്മാനെന്നാണെങ്കിലും നിങ്ങള്‍ ബബിളിനുള്ളിലാണെങ്കില്‍ നിങ്ങളുടെ ശരാശരി താഴേക്ക് പോകും-രവി ശാസ്ത്രി പറഞ്ഞു.
തുടർച്ചയായി ബയോ-ബബിളിൽ കഴിയുന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നായിരുന്നു ബുംറയുടെ പ്രതികരണം. ബയോ ബബിളിൽ കഴിയുന്നതും വീട്ടുകാരിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്നതും താരങ്ങളുടെ പ്രകടത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ബുംറ വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പിലെ ന്യൂസീലൻഡിനെതിരായ മത്സരത്തിനു ശേഷമായിരുന്നു ബുംറയുടെ പ്രതികരണം.
"സാഹചര്യം വളരെ കഠിനമാണ്. കോവിഡ് ആയതിനാൽ ഞങ്ങൾ ബയോ ബബിളിലാണ് കഴിയുത്. അതുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. പക്ഷേ, ചിലപ്പോഴൊക്കെ മാനസിക സമ്മർദം ഉണ്ടാവും. ആറ് മാസം നീണ്ട യാത്രയിൽ ചിലപ്പോൾ ഞങ്ങൾക്ക് കുടുംബത്തെ മിസ് ചെയ്യും. അത് മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പക്ഷെ കളിക്കളത്തിൽ ഇക്കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. ബയോ ബബിളിൽ കഴിയുന്നതും കുടുംബത്തിൽ നിന്ന് നീണ്ട നാൾ മാറിനിൽക്കുന്നതും താരങ്ങളെ മാനസികമായി തളർത്തും."- ബുംറ പറഞ്ഞു.