'ലോകത്തെ ഏത് ഗ്രൗണ്ടും കീഴടക്കുന്ന കരുത്ത്': സഞ്ജുവിനെ പുകഴ്ത്തി രവിശാസ്ത്രി
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് 2022ലെ ഐപിഎല്‍ തുടങ്ങിയത്.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. ലോകത്തെ ഏത് ഗ്രൗണ്ടും കീഴടക്കുന്ന കരുത്താണ് സഞ്ജുവിന്റേതെന്ന് രവിശാസ്ത്രി പറഞ്ഞു.
' ഒരിക്കൽ കൂടി സഞ്ജു സാംസൺ മനോഹരമായി ബാറ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു. പന്ത് തിരിയുന്നില്ലെന്ന് മനസിലാക്കിയാണ് കളിക്കുന്നത്. സ്ട്രൈറ്റ് ബൗണ്ടറിയാണ് മിക്കപ്പോഴും ലക്ഷ്യമിട്ടത്. ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയം കീഴടക്കുവാനുള്ള കരുത്ത് സഞ്ജുവിനുണ്ട്- രവിശാസ്ത്രി പറഞ്ഞു.
'പുണെയിൽ ബാറ്റു ചെയ്യാൻ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. അദ്ദേഹം ഇതേ വേദിയിൽ ഐപിഎലിൽ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇന്നും അദ്ദേഹം മികച്ച ഫോമിലായിരുന്നു. ശേഷിക്കുന്ന അഞ്ച് ഓവർ കൂടി സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കിൽ രാജസ്ഥാൻ കുറഞ്ഞത് 230 റൺസെങ്കിലും നേടുമായിരുന്നുവെന്നും രവിശാസ്ത്രി പറഞ്ഞു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് 2022ലെ ഐപിഎല്‍ തുടങ്ങിയത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ സഞ്ജു സാംസണും മൂന്ന് വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചാഹലും രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 27 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 55 റണ്‍സാണ് സഞ്ജു നേടിയത്.
രാജസ്ഥാനായി നൂറാം മത്സരത്തില്‍ കളത്തിലിറങ്ങി ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്ത സഞ്ജുവാണ് ടീം ടോപ് സ്കോറര്‍. ക്യാപ്റ്റന്‍റെ ഇന്നിങ്സുമായി സഞ്ജു ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. സഞ്ജുവിന്‍റെ 16ാം ഐ.പി.എല്‍ അര്‍ദ്ധസെഞ്ച്വറിയായിരുന്നു. സഞ്ജുവിന് കൂട്ടായി മലയാളി താരം ദേവ്ദത്ത് പടിക്കലും തകര്‍ത്തടിച്ചെങ്കിലും അര്‍ദ്ധസെഞ്ച്വറിക്കരികില്‍(41) താരം വീണു.
"Has Power To Clear Any Ground In The World," Says Ravi Shastri On Sanju Samson