പരിശീലക സ്ഥാനത്തേക്കല്ല, പ്രേക്ഷകർ ആഗ്രഹിച്ച ആ റോളിലേക്ക് രവിശാസ്ത്രി
'സംതിങ് ഈസ് കുക്കിങ്' എന്ന പേരിൽ വിഡിയോ പങ്കുവച്ച സ്റ്റാർ സ്പോർട്സാണ് ശാസ്ത്രി കമൻ്ററിയിലേക്ക് തിരികെയെത്തുമെന്ന സൂചനകള്‍ നല്‍കിയത്.
ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി കമന്ററി ബോക്സിലേക്ക് തിരികെ എത്തുന്നു എന്ന് സൂചന. സ്റ്റാർ സ്പോർട്സ് ആണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെ ശാസ്ത്രി പുതുതായി വരുന്ന ഏതെങ്കിലും ഐപിഎല്‍ ടീമിന്റെ പരിശീലകനാകുമെന്നായിരുന്നു വാര്‍ത്തകള്‍.
'സംതിങ് ഈസ് കുക്കിങ്' എന്ന പേരിൽ വിഡിയോ പങ്കുവച്ച സ്റ്റാർ സ്പോർട്സാണ് ശാസ്ത്രി കമൻ്ററിയിലേക്ക് തിരികെയെത്തുമെന്ന സൂചനകള്‍ നല്‍കിയത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളി പറയുമെന്നാണ് റിപ്പോർട്ടുകള്‍. തനിക്ക് ഏറ്റവും കൂടുതല്‍ വഴങ്ങുന്നത് എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന ജോലിയാണ് കമന്ററി.
ഇന്ത്യയുടെ പരിശീലകനാകുന്നതിന് മുമ്പ് അദ്ദേഹം കമന്ററി പറയുന്നുണ്ടായിരുന്നു. 2011 ലോകകപ്പില്‍ ധോണിയുടെ വിന്നിങ് സിക്സറിന് അകമ്പടിയായുണ്ടായ കമന്ററിയൊക്കെ ഇന്നും ആവേശമാണ്. രവി ശാസ്ത്രിയുടെ മടങ്ങിവരവിനെ സ്റ്റാര്‍ സ്‌പോര്‍ട്‌സും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യന്‍ ടീമിനെ വിദേശ പര്യടനങ്ങളില്‍ പരിശീലിപ്പിച്ച് വലിയ വിജയങ്ങളിലേക്കെത്തിച്ച പരിശീലകനാണ് രവി ശാസ്ത്രി. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഇന്ത്യയുടെ ഓരോ ചുവടുകളെയും ഓരോ പിഴവുകളെയും കൃത്യമായി മനസിലാക്കാനും വിശദമായി വിലയിരുത്താനും രവിക്കാവും.
പര്യടനത്തിനായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റിന് തുടക്കമാവുക. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജൊഹന്നസ്ബർഗിലും മൂന്നാം ടെസ്റ്റ് ജനുവരി പതിനൊന്നിന് കേപ് ടൗണിലും തുടങ്ങും. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.