ഇൻസ്റ്റഗ്രാമിൽ 'ചെന്നൈ ബന്ധം' ഉപേക്ഷിച്ച് ജഡേജ; ആശങ്കയോടെ ആരാധകർ

കഴിഞ്ഞ രണ്ട് ഐ.പി.എൽ സീസൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സി.എസ്.കെയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം അക്കൗണ്ടിൽനിന്ന് നീക്കം ചെയ്തിരിക്കുകയാണ് ജഡേജ

Update: 2022-07-09 04:27 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ടൂർണമെന്റിനിടെ നായകസ്ഥാനത്തുനിന്ന് മാറ്റിയതിന്റെ 'കലിപ്പ്' തുടരുകയാണോ ചെന്നൈ സൂപ്പർ കിങ്‌സിന്റെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ്? താരത്തിന്റെ ഏറ്റവും പുതിയ നീക്കമാണ് ആരാധകർക്കിടയിൽ അത്തരമൊരു അഭ്യൂഹം പരത്തുന്നത്. കഴിഞ്ഞ രണ്ട് ഐ.പി.എൽ സീസൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സി.എസ്.കെയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം അക്കൗണ്ടിൽനിന്ന് നീക്കം ചെയ്തിരിക്കുകയാണ് ജഡേജ.

2012 മുതൽ ചെന്നൈയുടെ സ്റ്റാറാണ് രവീന്ദ്ര ജഡേജ. ഒരു പതിറ്റാണ്ടുകാലം ടീമിന്റെ നെടുംതൂണായിരുന്നു താരം. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ ധോണി ആശ്രയിച്ചിരുന്ന ജഡേജ ഫീൽഡിലെ മിന്നൽ പ്രകടനങ്ങളിലൂടെയും പലതവണ ടീമിന്റെ രക്ഷകനായി. ഈ സീസണിന്റെ തുടക്കത്തിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എം.എസ് ധോണി നായകസ്ഥാനമൊഴിഞ്ഞത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു സ്ഥാനം കൈമാറിയത്.

എന്നാൽ, നായകനെന്ന നിലയിലുള്ള അരങ്ങേറ്റം തീർത്തും നിരാശാജനകമായിരുന്നു ജഡേജയ്ക്ക്. ആദ്യ എട്ടു മത്സരങ്ങളിൽ വെറും രണ്ടെണ്ണത്തിൽ മാത്രമേ ടീമിനെ ജയത്തിലേക്ക് നയിക്കാനായുള്ളൂ. ക്യാപ്റ്റൻസി താരത്തിന്റെ വ്യക്തിപരമായ പ്രകടനത്തെയും ബാധിച്ചു. 10 മത്സരങ്ങളിൽനിന്നായി വെറും 19.33 ശരാശരിയിൽ 116 റൺസ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. അതും 11.8.36 സ്‌ട്രൈക് റേറ്റിൽ. ബൗളിങ്ങിൽ ആകെ നേടിയത് അഞ്ചു വിക്കറ്റും. ഫീൽഡിലും അനായാസ ക്യാച്ചുകൾ പോലും കൈയിൽനിന്ന് ചോരുന്നതു കണ്ടും ആരാധകർ അമ്പരന്നു.

ചെന്നൈ ചരിത്രത്തിലെ രണ്ടാമത്തെ മോശം സീസൺ മുന്നിൽകാണുമ്പോഴായിരുന്നു സീസണിന്റെ പാതിയിൽ ക്യാപ്റ്റൻസി ധോണിക്ക് തന്നെ ടീം മാനേജ്‌മെന്റ് തിരിച്ചുനൽകിയത്. എന്നാൽ, തുടർന്ന് രണ്ട് മത്സരങ്ങൾ മാത്രമാണ് ജഡേജ മഞ്ഞക്കുപ്പായത്തിൽ കളിച്ചത്. പരിക്കെന്ന് പറഞ്ഞ് ചെന്നൈ ക്യാംപ് വിട്ട ജഡേജ നാട്ടിലേക്ക് മടങ്ങി. ടീം മാനേജ്‌മെന്റുമായുള്ള തർക്കത്തെ തുടർന്നാണ് താരം പാതിവഴിയിൽ കളി നിർത്തി മടങ്ങിയതെന്ന തരത്തിൽ പ്രചാരണമുണ്ടായി. ഇടക്ക് ചെന്നൈയെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അൺഫോളോ ചെയ്തതായും അഭ്യൂഹമുണ്ടായിരുന്നു.

ഐ.പി.എല്ലിൽനിന്ന് ഇടവേളയെടുത്ത ശേഷം കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാമത്തെ ടെസ്റ്റിലാണ് ജഡേജ കളിച്ചത്. മത്സരത്തിൽ സെഞ്ച്വറിയുമായി നിർണായക ഇന്നിങ്‌സ് കളിക്കുകയും ചെയ്തു. ടൂർണമെന്റിനു പിന്നാലെ പ്രഖ്യാപിച്ച വെസ്റ്റിൻഡീസുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വൈസ് ക്യാപ്റ്റനായും താരം ഉൾപ്പെട്ടിട്ടുണ്ട്. ചെന്നൈ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പുതിയ ദൗത്യത്തിന് ജഡേജയ്ക്ക് അഭിനന്ദനക്കുറിപ്പിടുകയും ചെയ്തിരുന്നു.

എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച ധോണിയുടെ ജന്മദിനത്തിന് ചെന്നൈ തയാറാക്കിയ ആശംസാ വിഡിയോയിൽ ജഡേജയുണ്ടായിരുന്നില്ല. ഇതോടെ തന്നെ ആരാധകർ ധോണിയുമായും ടീം മാനേജ്‌മെന്റുമായും നല്ല നിലയിലല്ല ജഡേജയുള്ളതെന്ന ആരാധകർ സംശയമുയർത്തിയിരുന്നു. ഈ സംശയങ്ങൾക്ക് ബലംനൽകുന്ന തരത്തിലാണ് ഇൻസ്റ്റഗ്രാമിൽ ചെന്നൈ പോസ്റ്റുകളെല്ലാം ജഡേജ നീക്കം ചെയ്തിരിക്കുന്നത്.

Summary: Ravindra Jadeja removes posts related to Chennai Super Kings from his Instagram account

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News