വീണ്ടും ഒരു ഏപ്രിൽ 23; പഴയ നാണക്കേടിന്റെ റെക്കോർഡിന്റെ ' ഓർമ പുതുക്കി' ബാംഗ്ലൂർ

അഞ്ചു വർഷങ്ങൾക്ക് മുമ്പ് 2017 ലാണ് ബാംഗ്ലൂർ സ്വന്തം പേരിൽ ഈ നാണക്കേടിന്റെ റെക്കോർഡ് നേടിയത്. 49 റൺസിനായിരുന്നു അന്ന് ബാംഗ്ലൂരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തിയത്.

Update: 2022-04-23 16:16 GMT
Editor : Nidhin | By : Web Desk
Advertising

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ എഴുതിച്ചേർത്തിരിക്കുന്നത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേരിലാണ്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് 2017 ലാണ് ബാംഗ്ലൂർ സ്വന്തം പേരിൽ ഈ നാണക്കേടിന്റെ റെക്കോർഡ് നേടിയത്. 49 റൺസിനായിരുന്നു അന്ന് ബാംഗ്ലൂരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തിയത്.

ഇന്ന് വീണ്ടും ബാഗ്ലൂർ ബാറ്റിങ് ദുരന്തം നേരിട്ട് 68 റൺസിന് പുറത്തായിരിക്കുകയാണ്. സൺ റൈസേഴ്‌സാണ് ബാംഗ്ലൂരിനെ ഇത്തവണ വീഴ്ത്തിയത്. അത്ഭുതപ്പെടുത്തുന്ന കാര്യമെന്താണെന്ന് വച്ചാൽ അഞ്ച് വർഷങ്ങൾ മുമ്പ് ഇതുപോലൊരു ഏപ്രിൽ 23 ന് തന്നെയാണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ റൺസെന്ന നാണക്കേടിന്റെ റെക്കോർഡും അവർ സ്വന്തമാക്കിയത്.

അന്നത്തെ പ്രകടനത്തിന്റെ ഓർമ പുതുക്കാനാണ് ഇന്നത്തെ ഈ ദയനീയ പ്രകടനമെന്നാണ് വിഷയത്തിൽ സോഷ്യൽ മീഡിയകളിൽ നിറയുന്ന പരിഹാസം.

അതേസമയം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ടീമെന്ന റെക്കോർഡും ബാംഗ്ലൂരിന്റെ കൂടെയാണ്. 2013 ൽ ഗെയിലിന്റെ 175 റൺസ് പ്രകടനത്തിൽ നേടിയ 263 റൺസ് എന്നതാണ് ഇന്നും തകർക്കാൻ പറ്റാത്ത റെക്കോർഡ്. ഇത് നേടിയതും ഏപ്രിൽ 23 ന് തന്നെയായിരുന്നു.

സൺറൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂർ നിരയിൽ 68 റൺസിന് എല്ലാവരും പുറത്തായി. 16.1 ഓവർ മാത്രമേ ബാംഗ്ലൂരിന് ക്രീസിൽ പിടിച്ചു നിൽക്കാൻ സാധിച്ചൂള്ളൂ.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാർകോ ജാൻസെനും നടരാജനുമാണ് ബാഗ്ലൂരിന്റെ നട്ടെല്ല് തകർത്തത്. രണ്ട് വിക്കറ്റ് നേടി ജഗദീശ സുജിത്തും തന്റെ റോൾ ഭംഗിയാക്കി. ഉമ്രാൻ മാലികും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റും വീഴ്ത്തി.

തകർച്ചയോടെയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ സൂപ്പർ താരം ഡുപ്ലെസിസിനെ (5) ക്ലീൻ ബൗൾഡാക്കി മടക്കി ജാൻസൺ ആദ്യം ഞെട്ടിച്ചു. ആ ഞെട്ടൽ മാറും മുമ്പ് തൊട്ടടുത്ത പന്തിൽ വിരാട് കോഹ്ലിയും പുറത്ത്- ഗോൾഡൻ ഡക്ക്. എന്നിട്ടും വിക്കറ്റ് വേട്ട നിർത്താത്ത ജാൻസൺ ആ ഓവറിലെ അവസാന പന്തിൽ അനുജ് റാവത്തിനെയും വീഴ്ത്തി.

പിന്നാലെ വന്ന ഗ്ലെൻ മാക്സ് വെല്ലിന്റെ പോരാട്ടവും പവർ പ്ലേക്ക് അപ്പുറം നീണ്ടു നിന്നില്ല. 11 ബോളിൽ 12 റൺസുമായി നടരാജന്റെ പന്തിൽ മാക്സ് വെല്ലും പുറത്തേക്ക്. പിന്നീട് വന്ന പ്രഭുദേശായ് സാഹചര്യം മനസിലാക്കി പ്രതിരോധിച്ച് കളിച്ചെങ്കിലും ഒമ്പതാം ഓവറിൽ സുജിത്തിന്റെ പന്തിൽ പ്രഭുദേശായ് (15)യും മടങ്ങി. പ്രഭുദേശായാണ് ടോപ് സ്‌കോറർ. സ്‌കോറിങ്ങിൽ മാക്സ് വെല്ലിനൊപ്പം നിൽക്കുന്നത് എക്സ്ട്രാസാണ്.

മാരക ഫോമിലുള്ള ദിനേശ് കാർത്തിക് രക്ഷാപ്രവർത്തനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹവും സുജിത്തിന്റെ പന്തിൽ പൂജ്യത്തിന് മടങ്ങിയതോടെ ബാംഗ്ലൂർ ദുരന്തം മുന്നിൽക്കണ്ടു. ദിനേശ് കാർത്തിക് മടങ്ങുമ്പോൾ ബാംഗ്ലൂരിന്റെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 47 റൺസാണ്. പിന്നെ ആരും പൊരുതാൻ പോലും നിൽക്കാതെ പവലിയനിലേക്ക് ഘോഷയാത്ര നടത്തി. ഹർഷൽ പട്ടേൽ (4), ഹസരങ്ക (8) എന്നിവർ പെട്ടെന്ന് മടങ്ങി. വാലറ്റത്ത് വലിയ അത്ഭുതങ്ങളൊന്നും സംഭവിക്കാത്തതിനാൽ ബാഗ്ലൂരിന്റെ സ്‌കോർ 68 ൽ അവസാനിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News