മുന്നിൽ നിന്ന് നയിച്ച് നായകൻ; ഹർദിക്കിന്റെ ചിറകിൽ ഗുജറാത്തിന് ഭേദപ്പട്ട സ്‌കോർ
റാഷിദ് ഖാൻ 6 ബോളിൽ 19 റൺസ് നേടി അവസാന ഓവറിൽ നായകന് മികച്ച പിന്തുണ നൽകി.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് ഗുജറാത്ത് നേടിയത്. ഗുജറാത്തിനോട് ഈ മത്സരം ജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ.
വീഴ്ചയോടെയായിരുന്നു ഗുജറാത്തിന്റെ തുടക്കം. മൂന്നാം ഓവറിൽ തന്നെ ഹേസൽവുഡിന്റെ പന്തിൽ മാക്‌സ് വെല്ലിന്റെ മികച്ച ക്യാച്ചിലൂടെ ഒരു റൺസുമായി ശുഭ്മാൻ ഗിൽ മടങ്ങി. പവർ പ്ലേ പൂർത്തിയാകും മുമ്പ് തന്നെ 16 റൺസുമായി മാത്യു വേഡും തിരികെ നടന്നു. അപ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന വൃദ്ധിമാൻ സാഹയെ (31) ഒരു ഡയറക്ട് ത്രോയിലൂടെ ഡുപ്ലെസിസ് പുറത്തേക്കയച്ചു. പിന്നീട് ക്രീസിൽ വന്ന നായകൻ ഹർദിക്കും മില്ലറും മികച്ച ഇന്നിങ്‌സ് പടുത്തുയർത്തുന്നതിനിടെ മികച്ചയൊരു റിട്ടേൺ ക്യാച്ചിലൂടെ ഹസരങ്ക മില്ലറെ മടക്കി. 25 പന്തിൽ 34 റൺസാണ് മില്ലർ നേടിയത്. തകർത്തടിക്കുമെന്ന് പ്രതീക്ഷിച്ച തെവാത്തിയ നിരാശപ്പെടുത്തി. 2 റൺസുമായി തെവാത്തിയ പെട്ടെന്ന് മടങ്ങി.
അപ്പോഴും ഒരറ്റത്ത് അക്ഷോഭ്യനായി നിന്ന നായകൻ ഹർദിക്ക് പാണ്ഡ്യ അവസാന ഓവറുകളിൽ ഒരിക്കൽ കൂടി തന്റെ ഫിനിഷിങ് പാടവം തെളിയിച്ചു.റാഷിദ് ഖാൻ 6 ബോളിൽ 19 റൺസ് നേടി അവസാന ഓവറിൽ നായകന് മികച്ച പിന്തുണ നൽകി.
ബാംഗ്ലൂരിന് വേണ്ടി ഹേസൽവുഡ് 2 വിക്കറ്റും മാക്‌സ്‌വെൽ, ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.