ബാംഗ്ലൂരിനെ നാണംകെടുത്തി ഹൈദരാബാദ്; എട്ട് ഓവറിൽ കഥ കഴിഞ്ഞു
ബാംഗ്ലൂരിന്റെ കൊമ്പൻമാർ പത്തു പേരും വിറച്ച പിച്ചിൽ അവർക്ക് കേവലം മൂന്നു പേരുടെ ആവശ്യം മാത്രമേ ഹൈദരാബാദിന് വന്നുള്ളൂ.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങിലും ബോളിങിലും ഒരുപോലെ നാണംകെടുത്തി സൺ റൈസേഴ്‌സ്. 68 റൺസിന് ബാംഗ്ലൂരിനെ എറിഞ്ഞുവീഴ്ത്തിയതിന് പിന്നാലെ എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ തിരിച്ചടിക്കുകയും ചെയ്തു ഹൈദരാബാദ്.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദ് ആത്മവിശ്വാസത്തോടെ തകർത്തടിച്ചു. ബാംഗ്ലൂരിന്റെ കൊമ്പൻമാർ പത്തു പേരും വിറച്ച പിച്ചിൽ അവർക്ക് കേവലം മൂന്നു പേരുടെ ആവശ്യം മാത്രമേ ഹൈദരാബാദിന് വന്നുള്ളൂ. അഭിഷേക് ശർമയും നായകൻ വില്യംസണും മാത്രം ചേർന്ന് വിജയത്തിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിജയലക്ഷ്യത്തിന് 5 റൺസ് അകലെ അർഹിച്ച അർധ സെഞ്ച്വറിക്ക് മൂന്ന് റണ്ഡല് അകലെ ഹർഷൽ പട്ടേലിന്റെ പന്തിൽ അനുജ് റാവത്തിന് ക്യാച്ച് നൽകി അഭിഷേക് മടങ്ങി. പിന്നാലെ വന്ന രാഹുൽ ത്രിപാതി സ്വക്വയർ ലെഗിന് മുകളിലൂടെ സിക്‌സർ പായിച്ച് കൃത്യം എട്ടോവറിൽ തങ്ങളുടെ വിജയം ഉറപ്പിച്ചു. നായകൻ കെയ്ൻ വില്യംസൺ 16 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ സൺറൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂർ നിരയിൽ 68 റൺസിന് എല്ലാവരും പുറത്തായി. 16.1 ഓവർ മാത്രമേ ബാംഗ്ലൂരിന് ക്രീസിൽ പിടിച്ചു നിൽക്കാൻ സാധിച്ചൂള്ളൂ.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാർകോ ജാൻസെനും നടരാജനുമാണ് ബാഗ്ലൂരിന്റെ നട്ടെല്ല് തകർത്തത്. രണ്ട് വിക്കറ്റ് നേടി ജഗദീശ സുജിത്തും തന്റെ റോൾ ഭംഗിയാക്കി. ഉമ്രാൻ മാലികും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റും വീഴ്ത്തി.
തകർച്ചയോടെയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ സൂപ്പർ താരം ഡുപ്ലെസിസിനെ (5) ക്ലീൻ ബൗൾഡാക്കി മടക്കി ജാൻസൺ ആദ്യം ഞെട്ടിച്ചു. ആ ഞെട്ടൽ മാറും മുമ്പ് തൊട്ടടുത്ത പന്തിൽ വിരാട് കോഹ്ലിയും പുറത്ത്- ഗോൾഡൻ ഡക്ക്. എന്നിട്ടും വിക്കറ്റ് വേട്ട നിർത്താത്ത ജാൻസൺ ആ ഓവറിലെ അവസാന പന്തിൽ അനുജ് റാവത്തിനെയും വീഴ്ത്തി.
പിന്നാലെ വന്ന ഗ്ലെൻ മാക്സ് വെല്ലിന്റെ പോരാട്ടവും പവർ പ്ലേക്ക് അപ്പുറം നീണ്ടു നിന്നില്ല. 11 ബോളിൽ 12 റൺസുമായി നടരാജന്റെ പന്തിൽ മാക്സ് വെല്ലും പുറത്തേക്ക്. പിന്നീട് വന്ന പ്രഭുദേശായ് സാഹചര്യം മനസിലാക്കി പ്രതിരോധിച്ച് കളിച്ചെങ്കിലും ഒമ്പതാം ഓവറിൽ സുജിത്തിന്റെ പന്തിൽ പ്രഭുദേശായ് (15)യും മടങ്ങി. പ്രഭുദേശായാണ് ടോപ് സ്‌കോറർ. സ്‌കോറിങ്ങിൽ മാക്സ് വെല്ലിനൊപ്പം നിൽക്കുന്നത് എക്സ്ട്രാസാണ്.
മാരക ഫോമിലുള്ള ദിനേശ് കാർത്തിക് രക്ഷാപ്രവർത്തനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹവും സുജിത്തിന്റെ പന്തിൽ പൂജ്യത്തിന് മടങ്ങിയതോടെ ബാംഗ്ലൂർ ദുരന്തം മുന്നിൽക്കണ്ടു. ദിനേശ് കാർത്തിക് മടങ്ങുമ്പോൾ ബാംഗ്ലൂരിന്റെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 47 റൺസാണ്. പിന്നെ ആരും പൊരുതാൻ പോലും നിൽക്കാതെ പവലിയനിലേക്ക് ഘോഷയാത്ര നടത്തി. ഹർഷൽ പട്ടേൽ (4), ഹസരങ്ക (8) എന്നിവർ പെട്ടെന്ന് മടങ്ങി. വാലറ്റത്ത് വലിയ അത്ഭുതങ്ങളൊന്നും സംഭവിക്കാത്തതിനാൽ ബാഗ്ലൂരിന്റെ സ്‌കോർ 68 ൽ അവസാനിച്ചു.