നേരിട്ടത് 21 പന്തുകൾ; രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും, റിങ്കു തുടങ്ങി...

ഫിനിഷൻ റോളിലേക്ക് ഇന്ത്യയൊരാളെ തെരയുന്നതിനിടെയാണ് റിങ്കു തന്റെ രണ്ടാം മത്സരത്തിൽ തന്നെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്.

Update: 2023-08-21 04:55 GMT
Editor : rishad | By : Web Desk
Advertising

ഡബ്ലിൻ: അയർലാൻഡിനെതിരായ പരമ്പര റിങ്കു സിങിന്റെ അരങ്ങേറ്റ മത്സരമായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളിയില്‍ തന്നെ താരത്തിന് അവസരവും ലഭിച്ചു. എന്നാൽ മഴ എടുത്തതിനാൽ റിങ്കുവിന് ബാറ്റിങിന് ഇറങ്ങാനായില്ല. രണ്ടാം മത്സരത്തിൽ ആ പരിഭവമെല്ലാം റിങ്കു തീർത്തു. ഫിനിഷൻ റോളിലേക്ക് ഇന്ത്യയൊരാളെ തെരയുന്നതിനിടെയാണ് റിങ്കു തന്റെ രണ്ടാം മത്സരത്തിൽ തന്നെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്.

സഞ്ജു പുറത്തായതിന് പിന്നാലെ അഞ്ചാമനായാണ് റിങ്കു സിങ് ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബാക്ക് വാർഡിലേക്ക് കളിച്ച് ഒരു റൺസ് നേടി. പിന്നെ നേരിട്ട നാലാം പന്തിലാണ് റിങ്കു പന്ത് ബൗണ്ടറി കടത്തുന്നത്. 18ാം ഓവറിലാണ് റിങ്കു അടിച്ചുകളിച്ച് തുടങ്ങിയത്. ആ ഓവറിൽ 17 റൺസാണ് താരം അടിച്ചെടുത്തത്.

ഒരു ഫോറും രണ്ട് സിക്‌സറുകളും ആ ഓവറിൽ പിറന്നു. ഒടുവിൽ റിങ്കു പുറത്താകുമ്പോൾ താരം 21 പന്തിൽ നിന്ന് നേടിയത് 38 റൺസ്. മൂന്ന് സിക്‌സറുകളാണ് താരം പറത്തിയത്. ഈയൊരു അടിപൊളി ഇന്നിങ്‌സിനായിരുന്നു കളിയിലെ താരപ്പട്ടവും(മാന്‍ ഓഫ് ദി മാച്ച്).

ഫിനിഷറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അവിടേക്കാണ് റിങ്കുവിന്റെ വെടിക്കെട്ട് പ്രകടനം. കഴിഞ്ഞ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ റിങ്കു ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തോടെയാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായി തുടങ്ങുന്നത്. ഗുജറാത്തിന്റെ യാഷ് ദയാലിന്റെ ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്‌സറുകൾ പായിച്ചായിരുന്നു റിങ്കുവിന്റെ വമ്പ്. പിന്നാലെ നടന്ന വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പരയിൽ റിങ്കുവിന് അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും കിട്ടിയില്ല. 

എന്നാൽ തൊട്ടുടനെ നടന്ന അയർലാൻഡ് പര്യടനത്തിൽ താരത്തിന് അവസരം കിട്ടി. അത് മുതലെടുക്കുകയും ചെയ്തു. ബുധനാഴ്ചയാണ് അയർലാൻഡിനെതിരായ പരമ്പരയിലെ മൂന്നാമത്തെ മത്സരം. ആ മത്സരത്തിലും റിങ്കുവിന് അവസരം കിട്ടുമെന്നുറപ്പാണ്. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ താരം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News