ഏകദിന ലോകകപ്പിനൊന്നും ഇല്ല: റിഷബ് പന്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് വൈകും
താരത്തിന്റെ വർക്ക്ഔട്ട് വീഡിയോയും ഫിറ്റ്‌നസ് ടെസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ലോകകപ്പ് ടീമിലേക്ക് പന്തിനെയും പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ സജീവമായി.
മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് മുതൽ വിക്കറ്റ് കീപ്പർ ബാറ്റര്‍ റിഷബ് പന്തിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. പരിക്ക് ഗുരുതരമായതിനാൽ മടങ്ങിവരവ് എളുപ്പമാകില്ലെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ താരത്തിന്റെ വർക്ക്ഔട്ട് വീഡിയോയും ഫിറ്റ്‌നസ് ടെസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ലോകകപ്പ് ടീമിലേക്ക് പന്തിനെയും പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ സജീവമായി.
എന്നാൽ ഏകദിന ലോകകപ്പിൽ പന്തിന്റെ സേവനം ലഭിക്കില്ലെന്നും പരിക്കിൽ നിന്ന് പൂർണമോചനവും ഫിറ്റ്‌നസും വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ഇപ്പോൾ കഴിയുന്നത്. പന്ത് അതിവേഗം സുഖംപ്രാപിച്ച് വരികയാണെന്നും നെറ്റ്‌സിൽ ബാറ്റിങും കീപ്പിങും പരിശീലിച്ച് തുടങ്ങിയെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത വർഷം നാട്ടിൽ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ താരത്തിന്റെ സേവനം ലഭിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ.
2022 ഡിസംബറിലാണ് പന്ത് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങൾ പന്ത് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുൽ എന്നിവരെല്ലാം അക്കാദമിയിൽ ഉണ്ട്. പരിക്കാണ് ഇവരെയും അലട്ടുന്നത്. അതേസമയം പന്തിന്റെ പരിക്ക് നിലവിൽ ഇന്ത്യൻ ടീമിന് ഭീഷണി അല്ല. സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾ നിലവിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. വിൻഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇരുവരും ടീമിലുണ്ട്.
ഒക്ടോബറിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് തന്നെയാണ് കിരീട സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്നത്. രണ്ട് തവണ കിരീടം ചൂടിയ ഇന്ത്യ മൂന്നാമത്തേതാണ് ലക്ഷ്യമിടുന്നത്. 2011ൽ മഹേന്ദ്രസിങ് ധോണിയാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. അതും ഇന്ത്യയിൽ ആയിരുന്നു.