'ആരുടെയും മുന്നിൽ വാതിലുകൾ അടഞ്ഞിട്ടില്ല': ചില സൂചനകൾ നൽകി രോഹിത് ശർമ്മ
വരാനിരിക്കുന്ന വിമർശനങ്ങൾ മുന്നേകണ്ട രോഹിത് ഒരുകാര്യം കൂടി പറഞ്ഞു, ആരുടെയും മുന്നിൽ വാതിലുകൾ അടച്ചിട്ടില്ലെന്ന്
മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിനെപറ്റി സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചയാണ് പുരോഗമിക്കുന്നത്. ചിലരെ ഉൾപ്പെടുത്തിയതിലും ചിലരെ ഒഴിവാക്കിയതിലുമൊക്കെയാണ് വാക്‌പോരുകൾ. എന്നാൽ വരാനിരിക്കുന്ന വിമർശനങ്ങൾ മുന്നേകണ്ട രോഹിത് ഒരുകാര്യം കൂടി പറഞ്ഞു, ആരുടെയും മുന്നിൽ വാതിലുകൾ അടച്ചിട്ടില്ലെന്ന്.
ഒഴിവാക്കിയതിൽ പ്രധാന താരം സ്പിന്നർ യൂസ്‌വേന്ദ്ര ചഹലായിരുന്നു. എന്നാൽ ചഹലിനെ ഒഴിവാക്കിയതിൽ സെലക്ടർമാർക്ക് ന്യായമുണ്ട്. എട്ട്, ഒമ്പത് സ്ഥാനങ്ങളിൽ ഇറങ്ങുന്നവരുടെ ബാറ്റിങ് മികവ് കൂടി പരിഗണിച്ചെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി. ''ഐ.പി.എല്ലിലുൾപ്പെടെ അക്‌സർ പട്ടേലിന്റേത് മികച്ച ബാറ്റിങ് പ്രകടനമായിരുന്നു. വിൻഡീസിനെതിരെയും അക്‌സറിന് അവസരം ലഭിച്ചിരുന്നു. അക്‌സറിനെ ലോവർ ഓർഡറിൽ ഇറക്കിയാൽ ബാറ്റിങ് പേടി വേണ്ടിവരില്ല''- അജിത് അഗാർക്കർ കൂട്ടിച്ചേർത്തു.
രവിചന്ദ്ര അശ്വിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും പേരുകൾ പരിഗണനക്ക് വന്നിരുന്നു. ഒരു പേസറുടെ സേവനം വേണ്ടെന്നുവെച്ചാൽ മാത്രമെ ഇവരെ പരിഗണിക്കാൻ കഴിയുമായിരുന്നുളളൂ, എന്നാൽ അടുത്ത രണ്ട് മാസം പേസർമാർ നിർണായകമായതിനാൽ അങ്ങനെയൊന്ന് പറ്റില്ല- രോഹിത് ശർമ്മ പറഞ്ഞു. അശ്വിനും സുന്ദറിനും അടക്കം ആരുടെയും മുന്നിൽ വാതിലുകൾ അടച്ചിട്ടില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ: രോഹിത് ശർമ്മ(നായകൻ) ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ലോകേഷ് രാഹുൽ,ഹാർദിക് പാണ്ഡ്യ(ഉപനായകൻ)ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജി സാംസൺ( റിസർവ് താരം)