തോൽവിക്കിടയിലും തലഉയർത്തി രോഹിത് ശർമ്മ: റെക്കോർഡ് നേട്ടം
ഒരുപിടി റെക്കോര്‍ഡുകളുമായാണ് രോഹിത് ഈ ലോകകപ്പ് അവസാനിപ്പിക്കുന്നത്.
അഹമ്മദാബാദ്: ആശിച്ച കിരീടം കൈവിട്ടെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മക്ക് തല ഉയര്‍ത്തിതന്നെ മടങ്ങാം. ഒരുപിടി റെക്കോര്‍ഡുകളുമായാണ് രോഹിത് ഈ ലോകകപ്പ് അവസാനിപ്പിക്കുന്നത്.
അതിലൊന്നാണ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടം. 2019 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ സ്വന്തമാക്കിയ റെക്കോഡാണ് ഈ ലോകകപ്പില്‍ രോഹിത് മറികടന്നത്. കഴിഞ്ഞ ലോകകപ്പില്‍ 578 റണ്‍സ് വില്ല്യംസണ്‍ നേടിയിരുന്നു. ഈ ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നായി 597 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
നേരത്തെ, ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെയും മറികടന്നിരുന്നു. കൂടുതല്‍ റണ്‍സ് നേടിയ നായകന്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള ഇന്ത്യന്‍ താരവും രോഹിത് മാത്രമാണ്. 54.27 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും അടക്കമാണ് രോഹിത്തിന്റെ നേട്ടം. കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കിയിരുന്നു.
ഫൈനലിൽ 47 റൺസാണ് രോഹിത് നേടിയത്. 31 പന്തുകളിൽ നിന്ന് മൂന്നു സിക്‌സറുകളും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിത് ശർമ്മയുടെ ഇന്നിങ്‌സ്. അർധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ ട്രാവിസ് ഹെഡ് താരത്തെ പിടികൂടുകയായിരുന്നു. ആദം സാമ്പക്കായിരുന്നു വിക്കറ്റ്. പ്രായസമേറിയ ഒരു ക്യാച്ചാണ് ട്രാവിസ് ഹെഡ് പിന്നോട്ട് ഓടിപ്പിടിച്ചത്. മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങാനും ഹെഡിനായി. 137 റൺസാണ് ട്രാവിസ് അടിച്ചെടുത്തത്.