തോറ്റിട്ടും തലയുയര്‍ത്തി രോഹിത്; റെക്കോര്‍ഡ് നേട്ടം

നാലാം ഓവറില്‍ റബാഡയെ സിക്സര്‍ പറത്തിയാണ് രോഹിത് ഈ നേട്ടത്തിലേക്ക് ഓടിയടുത്തത്

Update: 2022-04-14 03:03 GMT
Advertising

ഐ.പി.എല്ലിൽ തുടർച്ചയായി അഞ്ചാം തോൽവി വഴങ്ങിയ മുംബൈ ഇന്ത്യന്‍സ് സീസണിൽ വിജയം കണ്ടെത്താനാവാതെ ഉഴറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബിനോട് 12 റൺസിന്‍റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്. പോയിന്‍റ് പട്ടികയിൽ ഒരു പോയിന്റ് പോലും ചേർക്കാനാവാത്ത ടീം അവസാന സ്ഥാനത്താണുള്ളത്. ടീം അഞ്ചാം തോൽവി വഴങ്ങിയെങ്കിലും  മുംബൈ നായകന്‍ രോഹിത് ശർമ ഇന്നലത്തെ മത്സരത്തോടെ തന്‍റെ കരിയറില്‍ വലിയൊരു റെക്കോർഡ്  കരസ്ഥമാക്കി. ടി.20 ക്രിക്കറ്റിൽ 10,000 റൺസെന്ന നാഴികക്കല്ലാണ് രോഹിത് പിന്നിട്ടത്.

പഞ്ചാബിനെതിരെ 28 റൺസെടുത്ത താരം നാലാം ഓവറിൽ റബാഡയെ സിക്‌സർ പറത്തിയാണ്  ഈ നേട്ടത്തിലേക്ക് ഓടിയടുത്തത്. ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. രോഹിതിന് മുമ്പ് വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.

ലോകക്രിക്കറ്റിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ഏഴാമത്തെ താരമാണ് രോഹിത് ശർമ. ടി.20 ക്രിക്കറ്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലാണ് ഒന്നാമത്. 14,562 റൺസാണ്  ഗെയില്‍  അടിച്ചു കൂട്ടിയത്. പാകിസ്താൻ താരം ഷുഐബ് മാലിക്ക്( 11698 ) വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡ് (11474 ) ആസ്‌ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ച് (10499 ) മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി (10379 ) ആസ്ട്രേലിയന്‍ താരം  ഡേവിഡ് വാർണർ (10373 )എന്നിവരാണ് ടി.20 റൺ വേട്ടക്കാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളവർ. 10003 റൺസാണ് ഏഴാം സ്ഥാനത്തുള്ള രോഹിതിന്‍റെ സമ്പാദ്യം.

SUMMARY  Rohit Sharma becomes second Indian after Virat Kohli to record 10,000 runs in T20 cricket

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News