നെതർലാൻഡ്‌സിനെതിരായ സിക്‌സറുകൾ; റെക്കോർഡ് പ്രകടനവുമായി രോഹിത് ശർമ്മ

54 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറുകളുും എട്ട് ബൗണ്ടറികളും അടക്കം 61 റൺസാണ് രോഹിത് നേടിയത്.

Update: 2023-11-12 13:58 GMT
Editor : rishad | By : Web Desk
Advertising

ബംഗളൂരു: ആരും കൊതിക്കുന്ന ഫോമിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിക്ക് പിന്നാലെ ഒരു പിടി റെക്കോർഡുകളും താരം സ്വന്തമാക്കി. 54 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറുകളുും എട്ട് ബൗണ്ടറികളും അടക്കം 61 റൺസാണ് രോഹിത് നേടിയത്. ബാസ് ഡി ലീഡിനാണ് രോഹിതിന്റെ വിക്കറ്റ് ലഭിച്ചത്. 

കോളിൻ അക്കർമാനെതിരെ രോഹിത് നേടിയ ആദ്യ സിക്‌സർ കൊണ്ടെത്തിച്ചത് ഒരു റെക്കോർഡിലേക്കാണ്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്‌സറുകൾ പായിക്കുന്ന താരമെന്ന നേട്ടമാണ് രോഹിതിനെ തേടിയെത്തിയത്. രോഹിതിന്റെ പേരിൽ ഇപ്പോൾ 60 സിക്‌സറുകളായി. ദക്ഷിണാഫ്രിക്കയുടെ സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സിനെയാണ് രോഹിത് പിന്നിലാക്കിയത്. 2015ൽ ഡിവില്ലിയേഴ്‌സ് 58 സിക്‌സറുകളാണ് നേടിയിരുന്നത്.

2019ൽ 59 സിക്‌സറുകൾ നേടിയ വിൻഡീസിന്റെ ക്രിസ് ഗെയിൽ 48 സിക്‌സറുകൾ നേടിയ പാകിസ്താന്റെ ഷാഹിഹ് അഫ്രീദി എന്നിവരാണ് ഈ നേട്ടപ്പട്ടികയിലുള്ളവർ. അതേസമയം മറ്റൊരു റെക്കോർഡും രോഹിത് കുറിച്ചു. ഒരൊറ്റ ലോകകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പായിക്കുന്ന നായകനെന്ന നേട്ടവും രോഹിതിന്റെ പേരിലായി. 2019 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നയിച്ച ഓയിൻ മോർഗന്റെ 22 സിക്‌സറുകളാണ് രോഹിത് പഴങ്കഥയാക്കിയത്. രോഹിതിന്റെ പേരിൽ ഇപ്പോള്‍ 24 സിക്‌സറുകളായി.

രോഹിതിന് ഈ ലോകകപ്പിൽ ഇനിയും രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട് എന്നത് വേറെക്കാര്യം. 21 സിക്‌സറുകൾ നേടിയ എബി ഡിവില്ലിയേഴ്‌സ്, 18 സിക്‌സറുകൾ നേടിയ ആരോൺ ഫിഞ്ച്, 17 സിക്‌സറുകൾ നേടിയ മക്കല്ലം എന്നിവരെയാണ് രോഹിത് പിന്നിലാക്കി ഒന്നാമത് എത്തിയത്. ഈ ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 503 റൺസാണ് താരം ഇതുവരെ അടിച്ചെടുത്തത്. രോഹിതിന്റെ അതിവേഗത്തിലുള്ള തുടക്കം ഇന്ത്യയെ മികച്ച ടോട്ടലിലേക്കാണ് നയിക്കുന്നത്. ഈ ഫോമാണ് ഇന്ത്യയുടെ മധ്യനിരക്ക് നൽകുന്ന ആത്മവിശ്വാസവും.

റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ് രോഹിത്. വിരാട് കോഹ്ലി, ക്വിന്റൺ ഡി കോക്ക്, രച്ചിൻ രവീന്ദ്ര എന്നിവരാണ് രോഹിതിന്റെ മുന്നിലുള്ളത്. നിലവിലെ ഫോമിൽ രോഹിത്, റൺവേട്ടക്കാരിൽ ഒന്നാമത് എത്തിയാലും അത്ഭുതപ്പെടാനില്ല. ഇന്ത്യയുടെ നായകനെന്ന നിലയിൽ ലോകകപ്പിൽ കൂടുതൽ റൺസെടുത്തതും രോഹിതാണ്. 465 റൺസ് നേടിയ സൗരവ് ​ഗാം​ഗുലിയാണ് ലോകകപ്പിൽ ഇന്ത്യയ്ക്കായി കൂടുതൽ സ്കോർ നേടിയ രണ്ടാമത്തെ നായകൻ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News