'കോഹ്‍ലി വീണു'; നിരാശയോടെ തലയില്‍ കൈവച്ച് ക്യാപ്റ്റന്‍,വീഡിയോ വൈറല്‍
തന്‍റെ നൂറാം ടെസ്റ്റിനിറങ്ങിയ കോഹ്‍ലി അർധസെഞ്ച്വറിക്ക് അഞ്ച് റൺസ് അകലെയാണ് വിക്കറ്റിന് മുന്നിൽ മുന്നിൽ കുടുങ്ങിയത്
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീണപ്പോൾ നിരാശയോടെ തലയിൽ കൈവക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ കോഹ്‍ലി അർധസെഞ്ച്വറിക്ക് അഞ്ച് റൺസ് അകലെയാണ് വിക്കറ്റിന് മുന്നിൽ മുന്നിൽ കുടുങ്ങിയത്. കോഹ്‍ലിയുടെ വിക്കറ്റ് വീണതും ഡ്രസ്സിങ് റൂമിലേക്ക് ക്യാമറ തിരിഞ്ഞപ്പോൾ കണ്ടത് നിരാശയോടെ തലയിൽ കൈവക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ മുഖമാണ്. മത്സരത്തിൽ 29 റൺസെടുത്ത രോഹിത് ശർമ നേരത്തെ പുറത്തായിരുന്നു. 2019 ന് ശേഷം ഇത് വരെ ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലിക്ക് ഒരു സെഞ്ച്വറി തികക്കാനായിട്ടില്ല.
Bhai ko out kar diya? pic.twitter.com/dGqHF5YXOG
— Benaam Baadshah (@BenaamBaadshah4) March 4, 2022
തന്റെ നൂറാം ടെസ്റ്റ് കളിച്ച കോഹ്‍ലി മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് തികക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറി മുൻ ഇന്ത്യൻ ക്യാപ്റ്റൻ . ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം കളി പുനരാരംരംഭിച്ച ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 477 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി രവീന്ദർ ജഡേജ സെഞ്ച്വറി നേടി. ജഡേജ പുറത്താകാതെ ക്രീസിലുണ്ട്. രവിചന്ദ്ര അശ്വിൻ 61 റൺസെടുത്ത് പുറത്തായി.
ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിൽ ഇന്ന് കളിയാരംഭിച്ച ഇന്ത്യ രവീന്ദർ ജഡേജയുടേയും രവിചന്ദർ അശ്വിന്റേയും വെടിക്കെട്ട് ബാറ്റിങ് പ്രകടനം കൊണ്ടാണ് തുടങ്ങിയത്. ശ്രീലങ്കൻ ബൗളർമാരെ തുടരെ ബൗണ്ടറികൾ പായിച്ച ഇരുവരും 97ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോർ 400 കടത്തി. 82 പന്തിൽ എട്ട് ബൗണ്ടറികളുടെ അകമ്പടിയിൽ അശ്വിൻ 61 റൺസെടുത്ത് പുറത്തായി. രണ്ട് റൺസ് എടുത്ത ജയന്ദ് യാദവ് ജഡേജക്കൊപ്പം പുറത്താകാതെ ക്രീസിലുണ്ട്. നേരത്തെ ഇന്ത്യക്കായി റിഷബ് പന്തും ഹനുമ വിഹാരിയും അർധസെഞ്ച്വറി തികച്ചിരുന്നു. സെഞ്ച്വറിക്ക് നാല് റൺസ് അകലെയാണ് പന്ത് പുറത്തായത്. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് എംബുൽഡെനിയയും സുരംഗ ലക്മലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.