'ഒരു സിക്‌സ് അടിച്ചാൽ ഹിറ്റ്മാൻ ധോനിയെ മറികടക്കും';വിൻഡീസിനെതിരായ പരമ്പര തൂത്തുവാരാൻ ഇന്ത്യ

2017 ന് ശേഷം ഒരു പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശർമ്മയും സംഘവും ഇന്ന് ഇറങ്ങുന്നത്.

Update: 2022-02-11 06:09 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് അഹമദാബാദിൽ. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ, 2017 ന് ശേഷം ഒരു പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശർമ്മയും സംഘവും ഇന്ന് ഇറങ്ങുന്നത്.

ക്യാപ്റ്റൻ പദവിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ പരമ്പര നേടാനായതിന്റെ ആഹ്ലാദത്തിലാണ് ഹിറ്റ്മാൻ. അതോടൊപ്പം,ഇന്നത്തെ മത്സരത്തിൽ ഒരു സിക്‌സ് നേടിയാൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടമാണ്. ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഏറ്റവും സിക്‌സുകൾ നേടിയ താരമെന്ന നേട്ടം രോഹിതിന് സ്വന്തമാക്കാം. നിലവിൽ മുൻ ഇന്ത്യ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിക്കൊപ്പം 116 സിക്‌സറുകളാണ് രോഹിത് നേടിയിട്ടുള്ളത്. ധോനി 113 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചതെങ്കിൽ രോഹിത് ഈ നേട്ടം കൈവരിക്കാൻ 68 മത്സരങ്ങൾ മാത്രമാണ് എടുത്തത്.

അതേസമയം,ഇന്നത്തെ മത്സരത്തിൽ പല മാറ്റങ്ങളും ഉണ്ടാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. ധവാന്റെയും ഒപ്പം കോവിഡ് സ്ഥിരീകരിച്ച ഋതുരാജ് ഗെയ്ക്വാദിന്റെയും അഭാവത്തിൽ ഒന്നാം ഏകദിനത്തിൽ ഇഷാൻ കിഷനും രണ്ടാം ഏകദിനത്തിൽ ഋഷഭ് പന്തുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. ധവാൻ തിരിച്ചെത്തുന്നതോടെ രോഹിത്തിനൊപ്പം അദ്ദേഹം ഓപ്പണറുടെ കുപ്പായമണിയും. ഇക്കാര്യം രണ്ടാം ഏകദിനത്തിനു പിന്നാലെ രോഹിത് ശർമ സ്ഥിരീകരിച്ചിരുന്നു.

ഉപനായകൻ കെഎൽ രാഹുൽ മധ്യനിരയിൽ തന്നെ തുടരുമെന്ന് ഉറപ്പായി. 71-ാം രാജ്യാന്തര സെഞ്ച്വറിക്കായി ദീർഘനാളായി കാത്തിരിക്കുന്ന മുൻ നായകൻ വിരാട് കോഹ്ലിയും മധ്യനിരയ്ക്കു കരുത്തുപകരും. രണ്ടാം ഏകദിനത്തിൽ ടോപ് സ്‌കോററായ സൂര്യകുമാർ യാദവും ഓപ്പണറുടെ വേഷത്തിൽ നിന്ന് മടങ്ങിയെത്തുന്ന ഋഷഭ് പന്തും മധ്യനിരയുടെ ഭാഗമാകും.

ഒന്നാം ഏകദിനത്തിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഓൾറൗണ്ടർ ദീപക് ഹൂഡയാകും ധവാനായി വഴിമാറുക. കോവിഡിൽ നിന്ന് മുക്തനായി ശ്രേയസ് അയ്യർ മൂന്നാം ഏകദിനത്തിന് എത്തുമോയെന്ന് വ്യക്തമല്ല. അയ്യർ കൂടിയെത്തിയാൽ ടീമിൽ വീണ്ടും മാറ്റങ്ങൾക്കു സാധ്യതയുണ്ട്.പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ബോളിങ് നിരയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ കുൽദീപ് യാദവ് കളിക്കാൻ സാധ്യതയേറെയാണ്. യുവ സ്പിന്നർ രവി ബിഷ്‌ണോയിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്ന ആകാംക്ഷയുമുണ്ട്.

പേസ് ബോളർമാരിൽ ആവേശ് ഖാനാണ് അവസരം കാത്തിരിക്കുന്നത്. രണ്ടാം ഏകദിനത്തിൽ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ ടീമിൽ ഇടം നിലനിർത്താനാണ് സാധ്യത. ഓൾറൗണ്ട് മികവുള്ള ശാർദുൽ ഠാക്കൂറും ടീമിൽ തുടർന്നേക്കും. അങ്ങനെയെങ്കിൽ മുഹമ്മദ് സിറാജിനു പകരം ആവേശ് ഖാൻ അരങ്ങേറും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News