അഫ്ഗാനെതിരെ 63 പന്തിൽ സെഞ്ച്വറി; ഏകദിന ലോകകപ്പിൽ കൂടുതൽ സെഞ്ച്വറി നേടിയ താരമായി രോഹിത്

സച്ചിന്റെ ആറ് സെഞ്ച്വറിയാണ് രോഹിത് മറികടന്നത്

Update: 2023-10-11 15:16 GMT
Advertising

ഏകദിന ലോകകപ്പിൽ കൂടുതൽ സെഞ്ച്വറി നേടിയ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. അഫ്ഗാനെതിരെ 63 പന്തിൽ സെഞ്ച്വറി നേടിയതോടെ താരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആറ് സെഞ്ച്വറി നേട്ടം മറികടന്നു. ഇന്നത്തെ പ്രകടനത്തോടെ ഏഴ് ലോകകപ്പ് സെഞ്ച്വറികളാണ് രോഹിത് തന്റെ പേരിലാക്കിയത്. 30 പന്തിൽ രോഹിത് അർധസെഞ്ച്വറി കണ്ടെത്തിയിരുന്നു. ഇന്നത്തെ മത്സരത്തിലൂടെ മറ്റു ചില റെക്കോർഡുകളും രോഹിതിനെ തേടിയെത്തി. ഏകദിന ലോകകപ്പിൽ 1000 റൺസെന്ന കടമ്പ ഇന്ത്യൻ നായകൻ മറികടന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലും ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടിയും കൂടുതൽ സിക്‌സറടിക്കുന്ന താരമായും രോഹിത് മാറി. 63 പന്തിൽ സെഞ്ച്വറിയടിച്ച രോഹിത് മുൻ ഇന്ത്യൻ നായകൻ കപിൽദേവിന്റെ റെക്കോർഡും ഭേദിച്ചു. 72 പന്തിലാണ് കപിൽ സെഞ്ച്വറിയടിച്ചിരുന്നത്. അന്നത്തെ ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുകയും ചെയ്തിരുന്നു. ഇന്ന് അഞ്ച് സിക്‌സും 16 ഫോറുകളുമാണ് ഹിറ്റ്മാൻ അടിച്ചുകൂട്ടിയത്. 84 പന്തിൽ നിന്ന് 131 റൺസ് നേടിയ ശേഷം താരം റാഷിദ് ഖാന്റെ പന്തിൽ ബൗൾഡായി. 

273 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ഇതോടെ മികച്ച തുടക്കമാണ് ലഭിച്ചത്. നിലവിൽ 29 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 232 റൺസാണ് ടീം ഇന്ത്യ നേടിയത്. രോഹിത് ശർമയ്ക്ക് പുറമേ ഇഷൻ കിഷനാണ് (47) പുറത്തായത്. റാഷിദ് ഖാന്റെ പന്തിൽ ഇബ്രാഹിം സദ്‌റാൻ പിടികൂടിയാണ് താരം മടങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് നേടിയത്. ഹഷ്മത്തുല്ലാഹ് ഷാഹിദിയും (80), അസ്മതുല്ലാഹ് ഒമർസായി(62) അർധസെഞ്ച്വറി നേടി.

ഇന്ത്യയ്ക്കായി ബൗളിംഗിൽ ജസ്പ്രീത് ബുംറ തിളങ്ങി. 39 റൺസ് വിട്ടു നൽകി പത്ത് ഓവറിൽ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഹർദിക് പാണ്ഡ്യ രണ്ടും ഷർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോന്നും വിക്കറ്റ് നേടി.

അഫ്ഗാൻ ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസും (21) ഇബ്രാഹിം സദ്റാനു (22) അധികം വൈകാതെ പുറത്തായി. ഗുർബാസിനെ ഹർദിക് പാണ്ഡ്യ താക്കൂറിന്റെ കൈകളിലെത്തിച്ചപ്പോൾ സദ്റാനെ ബുംറയുടെ പന്തിൽ രാഹുൽ പിടികൂടി. വൺഡൗണായെത്തിയ റഹ്മത്ത് ഷായെ ഷർദുൽ എൽബിഡബ്ല്യൂവിൽ കുരുക്കി. നായകൻ ഹഷ്മത്തുല്ലാഹ് ഷാഹിദിയെ കുൽദീപാണ് കുടുക്കിയത്. ഒമർസായിയെ ഹർദിക് ബൗൾഡാക്കി.

മുഹമ്മദ് നബി, നജീബുല്ലാഹ് സദ്റാൻ, റാഷിദ് ഖാൻ എന്നിവരാണ് ഇബ്രാഹിമിന് പുറമേ ബുംറയുടെ ഇരകളായത്. മുജീബുറഹ്മാനും നവീനുൽ ഹഖും പുറത്താകാതെ നിന്നു. ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. രവിചന്ദ്രൻ അശ്വിന് പകരം ഷർദുൽ താക്കൂറിനെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത്.

ഇന്ത്യ: രോഹിത് (ക്യാപ്റ്റൻ), ഇഷൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹർദിക് (വൈസ് ക്യാപ്റ്റൻ), ജഡേജ, ഷർദുൽ താക്കൂർ, ബുംറ, കുൽദീപ്, സിറാജ്.

അഫ്ഗാൻ: റഹ്മാനുല്ല ഗുർബാസ്, റഹ്മത് ഷാ, ഹഷ്മതുല്ലാഹ് ഷാഹിദി, മുഹമ്മദ് നബി, അസ്മതുല്ലാഹ് ഒമർസായി, നവീനുൽ ഹഖ്, ഇബ്രാഹിം സദ്‌റാൻ, നജീബുല്ലാഹ് സദ്‌റാൻ, റാഷിദ് ഖാൻ, മുജീബുറഹ്മാൻ, ഫസൽ ഹഖ് ഫാറൂഖി.

Full View

After scoring a century against Afghanistan today, Indian captain Rohit Sharma became the player to score more centuries in the ODI World Cup.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News