ക്രിക്കറ്റിലെ ഹിറ്റ്മാന് ഇന്ന് 36ാം പിറന്നാൾ; ആശംസകളുമായി കായികലോകം
ടി20യിൽ നാലു സെഞ്ച്വറി നേടിയ ഏകതാരം, ഏകദിനത്തിൽ മൂന്നു ഇരട്ട സെഞ്ച്വറികൾ നേടിയ ഏകതാരം, ഐ.പി.എൽ കപ്പിൽ അഞ്ചുവട്ടം മുത്തമിട്ട നായകൻ എന്നിങ്ങനെ നേട്ടങ്ങൾ അനവധി..
മുംബൈ: ലോകക്രിക്കറ്റിലെ സൂപ്പർ ബാറ്ററും ഇന്ത്യൻ ദേശീയ ടീം നായകനുമായ രോഹിത് ശർമയ്ക്ക് ഇന്ന് 36ാം ജന്മദിനം. 1987 ഏപ്രിൽ 30നാണ് താരം ജനിച്ചത്. ടി20യിൽ നാലു സെഞ്ച്വറി നേടിയ ഏകതാരം, ഏകദിനത്തിൽ മൂന്നു ഇരട്ട സെഞ്ച്വറികൾ നേടിയ ഏകതാരം, ഐ.പി.എൽ കപ്പിൽ അഞ്ചുവട്ടം മുത്തമിട്ട നായകൻ എന്നിങ്ങനെ നേട്ടങ്ങൾ അനവധിയുള്ള രോഹിതിനെ തേടി ആശംസകളുടെ പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിലുള്ളത്.
രോഹിതിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ താരത്തിനുള്ള ആശംസകൾ. ടെസ്റ്റിൽ 45.66 ശരാശരിയിൽ 3379 റൺസും ഏകദിനത്തിൽ 48.63 ശരാശരിയിൽ 9825 റൺസും ഹിറ്റ്മാൻ അടിച്ചുകൂട്ടിയിട്ടുണ്ട്. ടി20യിൽ 31.52 ശരാശരിയിൽ 3853 റൺസാണ് രോഹിതിന്റെ പേരിലുള്ളത്. 139.24 ആണ് പ്രഹരശേഷി.
രോഹിത് 440 അന്താരാഷ്ട്ര മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. 17057 റൺസാണ് ഈ മത്സരങ്ങളിൽ നിന്ന് നേടിയത്. 43 സെഞ്ച്വറികളും നേടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.സി.സി.ഐയും ആശംസകൾ നേർന്നു. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹൈദരാബാദിൽ 60 അടി ഉയരമുള്ള കട്ടൗട്ട് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, രോഹിതിന്റെ മുംബൈ ഇന്ത്യൻസ് ഇന്ന് ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. മുംബൈയെ അവരുടെ തട്ടകമായ വാംഖഡെയിൽ വെച്ചാണ് സഞ്ജുവും സംഘവും നേരിടുന്നത്. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം.
പോയിൻറ് പട്ടികയിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മുംബൈ ഒമ്പതാമതാണ്. ഐ.പി.എല്ലിൽ ഏറെ പ്രൗഡിയുള്ള കണക്കുകൾ പറയാനുള്ള മുംബൈയ്ക്ക് ആറ് പോയിൻറ് മാത്രമാണുള്ളത്. എന്നാൽ സഞ്ജുവിനും സംഘത്തിനും പത്ത് പോയിൻറുണ്ട്. ആർ.ആർ. അഞ്ച് വിജയങ്ങൾ നേടിയപ്പോൾ, മുംബൈ ടീം മൂന്നുവട്ടമാണ് വിജയിച്ചത്.
ഏറ്റവും ഒടുവിൽ ജയ്പൂരിൽ വെച്ച് സി.എസ്.കെയെയാണ് രാജസ്ഥാൻ തോൽപ്പിച്ചത്. അതിന് മുമ്പ് നടന്ന മത്സരത്തിൽ ടീമിനെ ആർ.സി.ബി തോൽപ്പിച്ചത് ഏഴ് റൺസിനായിരുന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനോട് 55 റൺസിന്റെ തോൽവി വഴങ്ങിയാണ് മുംബൈ എത്തുന്നത്. അതിന് മുമ്പ് പഞ്ചാബ് കിംഗ്സിനോട് നടന്ന മത്സരത്തിലും ടീം തോറ്റിരുന്നു. 13 റൺസിനായിരുന്നു തോൽവി.
Indian National Team Captain Rohit Sharma turns 36 today