'മുംബൈ പ്ലേ ഓഫിലെത്തിയാൽ രോഹിത്തിനെ എതിരാളികൾ പേടിക്കേണ്ടി വരും'- രവിശാസ്ത്രി

കളിയുടെ തുടക്കത്തില്‍ തന്നെ രോഹിത് തെരഞ്ഞെടുക്കുന്ന ഷോട്ടുകളാണ് വില്ലനാവുന്നതെന്ന് ശാസ്ത്രി പറഞ്ഞു

Update: 2023-05-10 12:51 GMT
Editor : abs | By : Web Desk
Advertising

മുംബൈ പ്ലേഓഫിലെത്തുകയാണെങ്കിൽ രോഹിത് ഫോം വീണ്ടെടുക്കുമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. പ്ലേ ഓഫില്‍ രോഹിത് ആയിരിക്കും പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടുകയെന്നും രവി ശാസ്ത്രി പറഞ്ഞു. ഐപിഎല്ലിന്റെ നിലവിലെ സീസണിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിങ് പ്രകടനം ദയനീയമാണ്. കഴിഞ്ഞ അഞ്ച് മാച്ചിലും താരം രണ്ടക്കം കടന്നിട്ടില്ല.

ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടം നേടി ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണയാണ് രോഹിത് ക്യാപ്റ്റനായ മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം ചൂടിയത്. എന്നാൽ രോഹിത് നിലവിലെ സീസണിൽ കഷ്ടപ്പെടുകയാണ്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ് വില്ലനാവുന്നതെന്ന് ശാസ്ത്രി പറയുന്നു. രോഹിത് കുറച്ചുസമയം കൂടി ക്രീസിൽ നിൽക്കണമെന്നാണ് എന്റെ പക്ഷം, മികച്ച ഷോട്ടുകളുമായി അദ്ദേഹം തിരിച്ചുവരുമെന്നും ശാസ്ത്രി പറഞ്ഞു.

''മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തുകയാണെങ്കിൽ, പ്ലെയർ ഓഫ് ദ മാച്ച് നേടാൻ രോഹിതിനാകും, പ്ലേ ഓഫിലെ ഒരു ഗെയിമിൽ അദ്ദേഹമായിരിക്കും താരം എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാം. ഇത് മറ്റ് ടീമുകൾക്ക് ഇത് അപകട സൂചനയുമാണ്. ഫോമിലേക്ക് അദ്ദേഹം തിരിച്ചുവരും. അതിൽ യാതൊരു സംശയവുമില്ല'' രവി ശാസ്ത്രി സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

പുതിയ സീസണിലും ഒരു അർധ സെഞ്ച്വുറി മാത്രമാണ് ഹിറ്റ്മാന് നേടാനായത്. 11 കളികളിൽ നിന്ന് 17.36 ശരാശരിയിൽ 191 റൺസ് മാത്രമാണ് താരം നേടിയത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ താരം രണ്ടക്കം കടന്നിട്ടില്ല. അവസാന 5 ഇന്നിംഗ്സുകളിൽ നിന്ന് 12 റൺസ് മാത്രമാണ് രോഹിത് നേടിയത്. വാങ്കഡെയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ മുംബൈ നായകൻ 8 പന്തിൽ 7 റൺസിന് പുറത്തായി. 238 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 6070 റൺസാണ് രോഹിതിന്റെ ആകെ റൺസ്.

മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പത്താനും രോഹിത് ശർമ അധികം വൈകാതെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയർപ്പിച്ചു. 'രോഹിത് താമസിയാതെ ഫോമിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ കരുതുന്നു. മുംബൈ ഇന്ത്യൻസ് ആരാധകരും ഇത് ആഗ്രഹിക്കുന്നു, പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം ഫോം വീണ്ടെടുക്കാറുണ്ട്. ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ കളിക്കാർ എല്ലായ്‌പ്പോഴും ഫോമിലേക്ക് മടങ്ങിവരും. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് അതിന് സഹായിക്കും- പത്താൻ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News