"മാധ്യമങ്ങൾ വായടക്കൂ, അദ്ദേഹം തിരിച്ചെത്തും";കോഹ്‍ലിക്ക് പിന്തുണയുമായി രോഹിത് ശര്‍മ
ഒരു പതിറ്റാണ്ടിലേറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായ ഒരാളെ സമ്മർദഘട്ടങ്ങളെ എങ്ങനെ അതിജയിക്കണം എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ലെന്ന് രോഹിത് ശര്‍മ
വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ നിറംമങ്ങിയ വിരാട് കോഹ്‍ലിക്ക് പിന്തുണയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. സമ്മർദഘട്ടങ്ങളെ എങ്ങനെ നേരിടാമെന്ന് കോഹ്‍ലിക്ക് നന്നായറിയാമെന്നും മാധ്യമങ്ങളാണ് ഇല്ലാത്ത പ്രശ്‌നങ്ങളെ ഊതിപ്പെരുപ്പിക്കുന്നത് എന്നും രോഹിത് ശര്‍മ പറഞ്ഞു.
"മാധ്യമങ്ങളില്‍ നിന്നാണ് ഈ പ്രശ്‌നങ്ങളൊക്കെ ആരംഭിക്കുന്നത്. നിങ്ങൾ ഒരൽപ്പം വായടക്കൂ. അതോടെ ഈ പ്രശ്‌നങ്ങളൊക്കെ അവസാനിക്കും. സമ്മർദഘട്ടങ്ങളെ എങ്ങനെ മറികടക്കാമെന്ന് കോഹ്‍ലിക്ക് നന്നായറിയാം. ഒരു പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമാണ്. അത്രയും കാലമൊക്കെ ക്രിക്കറ്റ് ലോകത്ത് ഉണ്ടായ മനുഷ്യനെ സമ്മർദഘട്ടങ്ങളെ എങ്ങനെ അതിജയിക്കണം എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല"- രോഹിത് ശർമ പറഞ്ഞു
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും പരമ്പരയില്‍ വിരാട് കോഹ്‍ലി നിറം മങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 26 റൺസാണ് കോഹ്‍ലിക്ക് ആകെ നേടാനായത്. നാളെ വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരക്ക് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത് ശർമയുടെ പ്രതികരണം. വെസ്റ്റിൻഡിസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും കോഹ്‍ലി തിരിച്ചു വരുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്‌സിൽ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നും ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ പറഞ്ഞു.