'താറാവ് ഇറച്ചി കഴിച്ചോ എന്നാൽ ഗോൾഡൻ ഡക്ക്': തന്റെ രീതി വെളിപ്പെടുത്തി റോസ് ടെയ്‌ലർ

'റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്ന തന്‍റെ ആത്മകഥയിലാണ് തന്‍റെ ഈ രീതിയെ കുറിച്ച് റോസ് ടെയ്ലര്‍ എഴുതിയിരിക്കുന്നത്.

Update: 2022-08-13 14:17 GMT
Editor : rishad | By : Web Desk
Advertising

വെല്ലിങ്ടണ്‍: ക്രിക്കറ്റ് കരിയറില്‍ താന്‍ പിന്തുടര്‍ന്ന വിശ്വാസത്തെ കുറിച്ച് വെളിപ്പെടുത്തി ന്യൂസിലൻഡിന്‍റെ മുന്‍ ക്രിക്കറ്റര്‍ റോസ് ടെയ്‌ലർ. തന്റെ കരിയറിൽ മത്സരങ്ങള്‍ക്കു മുൻപ് താറാവ് ഇറച്ചി കഴിച്ചിരുന്നില്ലെന്ന് റോസ് ടെയ്‍ലർ പറയുന്നു. താറാവ് ഇറച്ചി കഴിച്ചാല്‍ അടുത്ത മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുമെന്ന വിശ്വാസമാണ് ഇതിന് പിന്നിലെന്നും താരം ഏഴുതുന്നു.

'റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്'എന്ന തന്‍റെ ആത്മകഥയിലാണ് തന്‍റെ ഈ രീതിയെ കുറിച്ച് റോസ് ടെയ്ലര്‍ എഴുതിയിരിക്കുന്നത്. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് ഈ രീതി ആരംഭിച്ചതെന്നും റോസ് ടെയ്‍‌ലർ പറയുന്നു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്‍റെ തലേദിവസം ചൈനീസ് റെസ്റ്ററന്‍റില്‍ പോയ താന്‍ താറാവ് ഇറച്ചി ഉപയോഗിച്ചുള്ള പ്രിയപ്പെട്ട ഭക്ഷണമാണ് കഴിച്ചത്. പിറ്റേ ദിവസം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതായും ടെയ്‌ലർ പറഞ്ഞു.

ലോകകപ്പില്‍ ടെയ്‌ലറുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ലിയാം പ്ലങ്കറ്റ് എറിഞ്ഞ പന്തിൽ ആൻഡ്രു ഫ്ലിന്‍റോഫ് പിടികൂടിയാണ് അന്ന് ടെയ്‌ലര്‍ പൂജ്യത്തിന് തിരിച്ച് കയറിയത്.വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ഇതാവര്‍ത്തിച്ചതായും താരം പറഞ്ഞു. അന്ന് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ താറാവ് ഇറച്ചി കഴിച്ചത്- ടെയ്ലര്‍ എഴുതുന്നു.  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന കാലത്ത് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ചേസ് ചെയ്യുന്നതിനിടെ പൂജ്യത്തിന് പുറത്തായതിന്‍റെ പേരില്‍ ടീം ഉടമ മൂന്നോ നാലോ തവണ കരണത്തടിച്ചുവെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്.

കരിയറില്‍ സ്വന്തം ടീമിലെ താരങ്ങളില്‍ നിന്നും ഒഫീഷ്യല്‍സില്‍ നിന്നും താന്‍ വംശീയ അധിക്ഷേപം നേരിട്ടുട്ടുണ്ടെന്ന് ടെയ്‌ലര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 16 വര്‍ഷത്തോളം നീണ്ട രാജ്യാന്തര കരിയറില്‍ ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്ന ഖ്യാതിയുമായാണ് റോസ് ടെയ്‌ലര്‍ പാഡഴിച്ചത്. ടെസ്റ്റില്‍ 7864 റണ്‍സും ഏകദിനത്തില്‍ 8602 റണ്‍സും രാജ്യാന്തര ടി20യില്‍ 1909 റണ്‍സും നേടി. 2021 ഡിസംബറിലാണ് ടെയ്‌ലര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

'If you consume a duck, you get a golden duck in the next day's game-says Ross tylor

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News