ഗ്രൗണ്ട് സ്റ്റാഫിനെ അപമാനിച്ചു; ഗെയ്ക് വാദിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
ഗെയ്ക് വാദ് ഗ്രൗണ്ട്‌സ്മാനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് താരത്തിനെതിരെ രൂക്ഷ വിമർശനമുയര്‍ന്നത്
ബംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ടി 20 പരമ്പരയിലെ അവസാന മത്സരത്തിനിടെ ഗ്രൗണ്ട് സ്റ്റാഫിനെ അപമാനിച്ച ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക് വാദിനെതിരെ സോഷ്യൽ മീഡിയ. ഗെയ്ക് വാദ് ഗ്രൗണ്ട്‌സ്മാനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് താരത്തിനെതിരെ രൂക്ഷ വിമർശനമുയര്‍ന്നത്.
കഴിഞ്ഞ ദിവസം ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് വീതം വിജയങ്ങൾ നേടിയ ഇരു ടീമുകളും കിരീടം പങ്കുവച്ചു. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്നോവർ എറിയുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഓപ്പണർമാരായ ഇഷാൻ കിഷനും ഗെയ്ക് വാദുമാണ് പുറത്തായത്.
കളിക്കിടെ മഴ പെയ്തതിനെ തുടർന്ന് ഇന്ത്യൻ താരങ്ങൾ ഡഗ്ഗൗട്ടിൽ ഇരിക്കുമ്പോഴാണ് ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾ തന്റെ മൊബൈലുമായി ഋതുരാജ് ഗെയ്ക് വാദിന്റെ അരികിലെത്തിയത്. സെൽഫി എടുക്കാൻ അനുവാദം ചോദിച്ച് ഇയാൾ ഗെയ്ക് വാദിന്റെ അരികിൽ ഇരിക്കുകയും ചെയ്തു. എന്നാൽ ഇയാളെ കൈ കൊണ്ട് നീക്കിയ ഗെയ്ക് വാദ് ഇയാളോട് മാറി പോവാൻ ആവശ്യപ്പെടുകയായിരുന്നു. ഫോൺ ഉയർത്തി സെൽഫി എടുക്കാൻ ശ്രമിച്ച ഇയാളുടെ ഫോണിലേക്ക് ഗെയ്ക് വാദ് നോക്കുക പോലും ചെയ്തില്ല.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രചരിച്ചു. ഇതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് ഗെയ്ക് വാദ്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ ഇതുപോലുള്ള മോശം സ്വഭാവം വച്ചു പുലർത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നാണ് ആരാധകർ പറയുന്നത്.