ഋതുരാജ്, ദ റോക്കറ്റ് രാജ! ഇന്ത്യൻ ക്രിക്കറ്റിലിതാ പുതിയൊരു താരോദയം

സെഞ്ച്വറിയിലേക്ക് തൊടുത്തുവിട്ട ആ റോക്കറ്റ് കണക്കെയുള്ള സിക്‌സർ മാത്രം മതി ഈ പുത്തൻ താരോദയം ഇനി ഇന്ത്യൻ ക്രിക്കറ്റില്‍ എന്താണ് ചെയ്യാൻ പോകുന്നതെന്നതിന്‍റെ ചെറിയൊരു സൂചന ലഭിക്കാന്‍. 108 മീറ്റർ ഉയരത്തിലാണ് ആ കൂറ്റന്‍ സിക്‌സർ പറന്നുപൊങ്ങിയത്

Update: 2021-10-02 19:04 GMT
Editor : Shaheer | By : Shaheer
Advertising

അരങ്ങേറ്റത്തിൽ തന്നെ ഗോൾഡൻ ഡക്ക്, രണ്ടാം ഇന്നിങ്‌സിൽ പത്തു പന്തിൽ വെറും അഞ്ചു റണ്സ്, മൂന്നാം മത്സരത്തിൽ അഞ്ചു പന്ത് നേരിട്ടിട്ടും വീണ്ടും സംപൂജ്യനായി പുറത്ത്... ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മഹേന്ദ്ര സിങ് ധോണിയെന്ന നായകൻ ആ താരത്തെ കൈവിട്ടില്ല.

ആരാധകരും കളി വിദഗ്ധരുമെല്ലാം വിമർശനങ്ങളുമായി നായകനെതിരെ തിരിഞ്ഞു. അപ്പോഴും അയാൾ കുലുങ്ങിയില്ല. താരത്തിന് പിന്തുണ തുടർന്നു. തുടർന്നും ധോണിയുടെ അന്തിമ ഇലവനില്‍ അയാള്‍ക്ക് ഇടംകിട്ടി. പിന്നീടങ്ങോട്ട് നടന്നതെല്ലാം ചരിത്രമാണ്. തുടർച്ചയായി മൂന്ന് അർധസെഞ്ച്വറികൾ. നായകൻ തന്നിൽ കണ്ട ആ 'സ്പാർക്ക്' എന്താണെന്ന് ഋതുരാജ് ഗെയ്ക്ക്‌വാദ് എന്ന ആ യുവതാരം എല്ലാവർക്കും കാണിച്ചുകൊടുത്തു. അന്ന് ചെന്നൈ ആരാധകർ മനസിൽ കുറിച്ചിട്ടതാണ്; ''ഇതാണ്, നമ്മൾ കാത്തിരുന്ന ആ താരോദയം! 13-ാം സീസണിലെ ദയനീയമായ തകർച്ചയിൽനിന്ന് ടീമിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അവതരിപ്പിക്കപ്പെട്ട സൂപ്പർമാൻ!''

ഐപിഎല്ലിൽ ഇതുവരെ 18 ഇന്നിങ്‌സിലാണ് ഋതുരാജ് ഗെയ്ക്ക്‌വാദ് ബാറ്റ് വീശിയത്. അതിൽ 30നു മുകളിൽ സ്‌കോർ ചെയ്തത് 11 തവണയാണ്. 40നുമുകളിൽ ഒൻപത് ഇന്നിങ്‌സ്. 60നുമുകളിൽ ഏഴും 70നുമുകളിൽ നാലും 80നു മുകളിൽ രണ്ടും ഇന്നിങ്‌സുകൾ. ഒടുവിൽ അബൂദബിയിലെ ശൈഖ് സായിദ് രാജ്യാന്തര സ്റ്റേഡിയത്തിൽ മാസ്മരിക സെഞ്ച്വറിയും.


സെഞ്ച്വറിയിലേക്ക് തൊടുത്തുവിട്ട ആ റോക്കറ്റ് കണക്കെയുള്ള സിക്‌സർ മാത്രം മതി ഈ പുത്തൻ താരോദയം ഇനി ഇന്ത്യൻ ക്രിക്കറ്റില്‍ എന്താണ് ചെയ്യാൻ പോകുന്നതെന്നതിന്‍റെ ചെറിയൊരു സൂചന ലഭിക്കാന്‍. 108 മീറ്റർ ഉയരത്തിലാണ് ആ കൂറ്റന്‍ സിക്‌സർ പറന്നുപൊങ്ങിയത്. ഈ സീസണിലെ ഏറ്റവും വലിയ സിക്‌സർ. ടി20 ക്രിക്കറ്റിലെ കരുത്തനായ കീറൻ പൊള്ളാർഡൊക്കെ ഗെയ്ക്ക്‌വാദിനു പിറകിലാണ്. ഒരു കരിയര്‍ മൊത്തം നീണ്ടുനില്‍ക്കാന്‍ പോന്ന വീറും ചങ്കൂറ്റവും, നിശ്ചയദാര്‍ഢ്യം മുഴുവന്‍ പതിച്ചുവച്ച ഷോട്ടായിരുന്നു അത്. കമന്റേറ്റർ ഹർഷ ഭോഗ്ലെ ഇന്നിങ്‌സിനുശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞത് ഗെയ്ക്ക്‌വാദിന്‍റെ സ്വന്തം നാടായ പൂനെയിൽനിന്നുള്ള സംഗീതജ്ഞരുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന ഒരു സിംഫണിക് സിക്‌സറായിരുന്നു അതെന്നാണ്. കരുത്തും ക്ലാസും കൺസിസ്റ്റൻസിയും സമ്മേളിച്ച ഒരു തികഞ്ഞ പ്രതിഭയെ ലഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്.

അർധസെഞ്ച്വറി തികച്ചത് 43 പന്തിലാണ്. എന്നാൽ, അവിടന്നങ്ങോട്ട് കത്തിക്കയറുകയായിരുന്നു. വെറും 17 പന്തിൽ അടുത്ത 51ഉം അടിച്ചെടുത്തു. ആകെ 60 പന്തിൽ പുറത്താകാതെ 101 റൺസ്! അതില്‍ നൂറ് മീറ്റര്‍ കടന്ന എണ്ണം പറഞ്ഞ രണ്ട് കൂറ്റന്‍ ഷോട്ടുകളടക്കം അഞ്ച് സിക്സറുകള്‍. 


കഴിഞ്ഞ സീസണിൽ അവസാന മത്സരങ്ങളിലെ മിന്നൽ പ്രകടനത്തിന്റെ പൊലിവിലാണ് ഇത്തവണ തുടക്കം മുതൽ തന്നെ ഗെയ്ക്ക്‌വാദിനെ ഫാഫ് ഡുപ്ലെസിക്കൊപ്പം ഓപൺ ചെയ്യാൻ നായകനും ടീമും ഏൽപിച്ചത്. എന്നാൽ, ആദ്യ മൂന്ന് മത്സരങ്ങളിൽ കഴിഞ്ഞ തവണത്തെ പോലെ താരം വീണ്ടും നിരാശപ്പെടുത്തി. അഞ്ച്, അഞ്ച്, പത്ത് എന്നിങ്ങനെയായിരുന്നു ആദ്യ മൂന്നു മത്സരങ്ങളിലെ സ്‌കോർ. പതിവുപോലെ ധോണി കൈവിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുണ്ടായിരുന്ന റോബിൻ ഉത്തപ്പയെപ്പോലെയുള്ള താരത്തെ പുറത്തുനിർത്തിയായിരുന്നു ഇത്.

എന്നാൽ, ഗെയ്ക്ക് വീണ്ടും നായകന്റെ വിശ്വാസം കാത്തു. പിന്നീട് ഒരൊറ്റ തവണ മാത്രമാണ് താരം 30 കടക്കാതിരുന്നത്. 64, 33, 75, നാല്, 88*, 38, 40, 45, 101* എന്നിങ്ങനെയായിരുന്നു പിന്നീടുള്ള സ്‌കോർ. മൂന്ന് അർധ സെഞ്ച്വറിയും ഒടുവിൽ ഒരു കിടിലന്‍ സെഞ്ച്വറിയും! ഒടുവിൽ 508 റൺസുമായി ഓറഞ്ച് ക്യാപും ഗെയ്ക്ക് തലയിലാക്കി.

ഷെയിൻ വാട്‌സനും ഫാഫ് ഡൂപ്ലെസിയും ചേർന്ന് ടീമിന് നൽകിയിരുന്ന ആ ബാറ്റിങ് കരുത്ത് ഇനി ഏത് ഓപണിങ് സഖ്യത്തിന് നൽകാനാകുമെന്നായിരുന്നു വാട്സന്‍റെ വിരമിക്കലോടെ ആരാധകർ ഉറ്റുനോക്കിയത്. അതിനുള്ള ഉത്തരം കഴിഞ്ഞ ഏതാനും മത്സരങ്ങള്‍ക്കുള്ളില്‍ തന്നെ ഡൂപ്ലസിക്കൊപ്പം ചേർന്ന് ഗെയ്ക്ക് നൽകിക്കഴിഞ്ഞു. ഐപിഎല്ലിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയ ചെന്നൈ ഓപണിങ് ജോഡിയായി ഇതിനകം ഡൂപ്ലെസി-ഗെയ്ക്ക് കൂട്ടുകെട്ട് മാറിക്കഴിഞ്ഞു. ഇതിനകം 600നു മുകളില്‍ റൺസാണ് ഈ സീസണില്‍ ഇതിനകം തന്നെ ഈ ഓപണിങ് കൂട്ടുകെട്ട് അടിച്ചെടുത്തത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Shaheer

contributor

Similar News