'പന്തിന് പകരം ബുമ്രയെ വൈസ് ക്യാപ്റ്റനാക്കിയത് ഞെട്ടിച്ചു'; മുൻ സെലക്ടർ
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി 18 അംഗ ടീമിനെയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി പേസ് ബോളർ ജസ്പ്രീത് ബുമ്രയെ നിയമിച്ച സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനം ഞെട്ടിച്ചെന്ന് മുൻ താരവും സിലക്ടറുമായ സാബാ കരിം. പരുക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുൽ നയിക്കുന്ന ടീമിന്റെ ഉപനായകനായാണ് സെലക്ടർമാർ ബുമ്രയെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി 18 അംഗ ടീമിനെയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്.
ഐപിഎൽ ടീമുകളെ നയിച്ച് പരിചയമുള്ള ഋഷഭ് പന്ത്, ശ്രേയസ് അയ്യർ തുടങ്ങിയവരെ തഴഞ്ഞാണ് ജസപ്രീത് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കിയത്.കെ.എൽ. രാഹുലിനെ നായകനായി നിയോഗിച്ച സിലക്ഷൻ കമ്മിറ്റി, ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കുമെന്നാണ് താൻ കരുതിയതെന്ന് സാബാ കരിം പറഞ്ഞു.'സത്യത്തിൽ ആ തീരുമാനം എന്നെ വിസ്മയിപ്പിച്ചു. ജസ്പ്രീത് ബുമ്ര വൈസ് ക്യാപ്റ്റനായി എത്തുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല' - സാബാ കരിം പറഞ്ഞു.
'ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അദ്ദേഹവും എല്ലാ ഫോർമാറ്റിലും ടീമിൽ സ്ഥിരസാന്നിധ്യമാണല്ലോ. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20 ടീമിലും അദ്ദേഹം ഇന്ത്യൻ ടീമംഗമാണ്. മാത്രമല്ല, ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് പന്തിന്റേത്- - സാബാ കരിം പറഞ്ഞു.
'ജസ്പ്രീത് ബുമ്ര പ്രതിഭാധനനായ താരമാണ്. ഇന്ത്യൻ ടീമിൽ സുപ്രധാന സ്ഥാനമാണ് ബുമ്രയ്ക്കുള്ളത്. അതിലൊന്നും തർക്കമില്ല. പക്ഷേ, അദ്ദേഹം ഇന്നുവരെ ഒരിടത്തും ക്യാപ്റ്റനായി നാം കണ്ടിട്ടില്ല. അതുകൊണ്ടാണ് സെലക്ടർമാരുടെ തീരുമാനം വിസ്മയിപ്പിക്കുന്നത്' - കരിം പറഞ്ഞു.