"ഗാംഗുലി എന്നോട് ചോദിച്ചു, സച്ചിനെ പുറത്താക്കാൻ നിന്നോടാരാണ് പറഞ്ഞത്? അതും മുംബൈയിൽ"; വെളിപ്പെടുത്തലുമായി അക്തർ

"നിര്‍ഭാഗ്യവശാല്‍ അന്ന് ഒന്നാം ഓവറിൽ തന്നെ ഞാൻ സച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി, പിന്നീട് അത് വലിയൊരു തെറ്റായിപ്പോയെന്ന് എനിക്ക് തോന്നി"

Update: 2022-04-07 18:44 GMT
Advertising

ലോകക്രിക്കറ്റിൽ സച്ചിൻ -വോൺ പോര് പോലെയോ സച്ചിൻ-മഗ്രാത്ത് പോര് പോലെയോ ഒക്കെ വാശിയേറിയതാണ് സച്ചിൻ -ശുഐബ് അക്തർ പോരും. ഇന്ത്യ പാകിസ്താൻ പോരാട്ടം നടക്കുമ്പോഴൊക്കെ സച്ചിനും അക്തറും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ അക്ഷമയോടെ കാത്തിരിക്കുകയാവും ആരാധകർ. ക്രിക്കറ്റ് ചരിത്രത്തിൽ ഒമ്പത് തവണ അക്തർ സച്ചിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയിട്ടുണ്ട്. മൂന്ന് തവണ ടെസ്റ്റ് ക്രിക്കറ്റിലും അഞ്ച് തവണ ഏകദിനത്തിലുമാണെങ്കിൽ ഒരു തവണ ഐ.പി.എല്ലിലാണ് സച്ചിന്‍ അക്തറിന് മുന്നില്‍ വീണത്. ഐ.പി.എല്ലിൽ സച്ചിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയതിന്‍റെ അവിസ്മരണീയമായ ഓർമകൾ പങ്കു വക്കുകയാണിപ്പോൾ അക്തർ.

ഐ.പി.എൽ ആദ്യ സീസണിൽ കൊൽക്കത്താ നെറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന അക്തർ മുംബൈക്കെതിരായ മത്സരത്തിലാണ് സച്ചിനെ പൂജ്യനായി മടക്കിയത്. ഈ മത്സരത്തിൽ വെറും 67 റൺസിന് കൊൽക്കത്തയെ കൂടാരം കയറ്റിയ മുംബൈ താരതമ്യേന ദുർബലമായ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് മൈതാനത്തിറങ്ങിയത്. എന്നാൽ കളിയുടെ തുടക്കത്തിൽ തന്നെ അക്തറിന് മുന്നില്‍ സച്ചിന്‍ വീണു. സച്ചിന്‍റെ ജന്മനാടായ മുംബൈയിൽ വച്ച് നടന്ന മത്സരത്തിൽ സച്ചിന്‍റെ വിക്കറ്റ് വീണതോടെ ആരാധകർ തന്നോട് വൈകാരികമായി പ്രതികരിക്കാൻ തുടങ്ങിയെന്നും ഇത് കണ്ട് കൊൽക്കത്ത ക്യാപ്റ്റൻ സൗരവ് ഗാംഗുലി താൻ നിന്നിരുന്ന ഫീൽഡിങ് പൊസിഷനിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും അക്തർ പറഞ്ഞു..

"വളരെ ചെറിയൊരു സ്‌കോറിന് ഞങ്ങൾ കൂടാരം കയറി. മത്സരത്തിൽ മുംബൈ എട്ട് വിക്കറ്റിനാണ് ജയിച്ചത്. മത്സരം വാംഖഡെയിലാണ് അരങ്ങേറിയത്. സച്ചിൻ സ്വന്തം നാട്ടുകാർക്കു മുന്നിലാണ് പാഡ് കെട്ടിയിറങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ അന്ന്  ഒന്നാം ഓവറിൽ തന്നെ ഞാൻ സച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആ ഓവറിന് ശേഷം ഫൈൻ ലെഗ്ഗിൽ ഫീൽഡിങ്ങിനായി എത്തിയപ്പോൾ കാണികൾ എനിക്കെതിരെ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട ഗാംഗുലി എന്നോട് പറഞ്ഞു മിഡ് വിക്കറ്റിലേക്ക് മാറൂ. അല്ലെങ്കിൽ ഇവർ നിന്നെ കൊന്ന് കളയും. സച്ചിനെ പുറത്താക്കാൻ നിന്നോട് ആരാണ്, പറഞ്ഞത് അതും മുംബൈയിൽ വച്ച് എന്ന് ഗാംഗുലി തമാശ രൂപത്തില്‍ എന്നോട് ചോദിച്ചു."-  അക്തര്‍ പറഞ്ഞു. 

എന്നാൽ മുംബൈയിൽ കളിക്കാൻ താൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും തന്‍റെ രാജ്യത്തിനെതിരെയോ തനിക്കെതിരെയോ ഒരിക്കൽ പോലും വിദ്വേഷം വമിക്കുന്ന വർത്തമാനങ്ങൾ ഇന്ത്യൻ ആരാധകരിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടില്ലെന്നും അക്തർ പറഞ്ഞു. ഒരു സീസണിൽ മാത്രമാണ് അക്തർ കൊൽക്കത്തക്കായി ഐ.പി.എല്ലിൽ കളിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News