'സച്ചിനോ കോഹ്‍ലിയോ കേമന്‍...?'; സച്ചിന്‍ തന്നെ മറുപടി പറഞ്ഞു
സച്ചിന്‍റെ കരിയര്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇപ്പോഴും ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന താരമാണ് കോഹ്‍ലി.
ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ ജനിക്കുമ്പോഴെല്ലാം സച്ചിനുമായി താരതമ്യപ്പെടുത്തുക എന്നത് വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ക്രിക്കറ്റിലെ ആചാരമാണ്. ഈ പതിറ്റാണ്ടില്‍ സച്ചിനുമായി ഏറ്റവുമധികം താരതമ്യപ്പെടുത്തിയ താരങ്ങളില്‍ പ്രധാനിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. കരിയറിലെ ആദ്യ കാലത്തെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വിരാടിനെ സച്ചിനോളം പോന്നവന്‍ എന്ന ടാഗിലേക്ക് എത്തിച്ചത്. ഒരു സമയത്ത് സച്ചിന്‍റെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ കോഹ്‍ലിക്കാകുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിധിയെഴുതിയിരുന്നു. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കോഹ്‍ലിയുടെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. ക്യാപ്റ്റന്‍സിയുടെ അധികഭാരം അഴിച്ചുവെച്ചിട്ടും ഫോം കണ്ടെത്താന്‍ പാടുപെടുന്ന കോഹ്‍ലിക്ക് ഒരുപക്ഷേ ടീമിലെ സ്ഥാനം തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇതിനിടെയാണ് മുന്‍പ് ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുള്ള വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. സച്ചിനോ കോഹ്‍ലിയോ കേമന്‍ എന്ന ചോദ്യം ഇത്തവണ ചോദിച്ചത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറോട് തന്നെയാണ്. ആരാണ് മികച്ച ബാറ്റര്‍, സച്ചിനോ കോഹ്‍ലിയോ...? ഗ്രഹാം ബെന്‍സിങ്ങറുമായുള്ള ഒരു യൂട്യൂബ് ഷോയിലാണ് സച്ചിനോട് ഈ ചോദ്യം ചോദിക്കപ്പെട്ടത്,
സച്ചിന്‍ വളരെ രസകരമായ മറുപടിയാണ് ഈ ചോദ്യത്തിന് നല്‍കിയത്. തന്ത്രപരമായ സച്ചിന്‍റെ മറുപടി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഞാനും കോഹ്‍ലിയും എങ്ങനെ ഒരേ ടീമിലെത്തി എന്ന ചോദ്യമാണ് സച്ചിന്‍ ഗ്രഹാം ബെന്‍സിങ്ങറുടെ ചോദ്യത്തിന് മറുചോദ്യമായി തിരിച്ചു ചോദിച്ചത്... സച്ചിനും കോഹ്‍ലിയും തമ്മിലുള്ള താരതമ്യ പഠനം ആരാധകരുടെ ഇഷ്ട വിഷയമാണെങ്കിലും ഇങ്ങനൊരു താരതമ്യ പഠനത്തിന് പ്രസക്തിയില്ലെന്ന് കോഹ്‍ലി തന്നെ പലവട്ടം പറഞ്ഞിരുന്നു. ഞാന്‍ ക്രിക്കറ്റ് കളിക്കാരനായതിന് തന്നെ കാരണം സച്ചിനാണെന്ന് മുമ്പ് കോഹ്‍ലി പലതവണ പറഞ്ഞിരുന്നു. എല്ലാം തികഞ്ഞ ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരാള്‍ സച്ചിനാണെന്നും കോഹ്‍ലി പറഞ്ഞിട്ടുണ്ട്.
സച്ചിന്‍റെ കരിയര്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇപ്പോഴും ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന താരമാണ് കോഹ്‍ലി. സച്ചിന്‍ 49 സെഞ്ച്വറികളാണ് ഏകദിനത്തില്‍ നേടിയത്. നിലവില്‍ വിരാട് കോഹ്‍ലിയുടെ പേരില്‍ 43 ഏകദിന സെഞ്ച്വറിയുണ്ട്. സച്ചിനെ മറികടക്കാന്‍ ഏഴ് സെഞ്ച്വറി മാത്രമാണ് കോഹ്‍ലിക്ക് അകലെ... പക്ഷേ സമീപകാലത്തായി കോഹ്ലിയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാന്‍ കോഹ്‍ലിക്ക് കഴിഞ്ഞട്ടില്ലെന്നതാണ് സത്യം.