'സഞ്ജു കൊള്ളാം, സൂര്യകുമാറിന് പകരം അവസരം കൊടുക്കണം': വസീംജാഫർ
ബുധനാഴ്ച ചെന്നൈയിലാണ് ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം.
മുംബൈ: സൂര്യകുമാർ യാദവിന് പകരം ഏകദിനത്തില്‍ സഞ്ജു സാംസണെ പരിഗണിക്കുന്നത് മോശമല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. എന്നിരുന്നാലും, 145 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന മിച്ചൽ സ്റ്റാർക്കിനെ നേരിടുന്നത് ഏതൊരു ബാറ്റർക്കും പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ജാഫർ വ്യക്തമാക്കി. ബുധനാഴ്ച ചെന്നൈയിലാണ് ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനിലയിലാണ്(1-1). ചെന്നൈയില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആസ്ട്രേലിയക്കെതിരായ രണ്ട് മത്സരങ്ങളിലും സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായിരുന്നു. രണ്ട് തവണയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്വിങ് ചെയ്ത പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. ഇതോടെ സൂര്യയെ മാറ്റി മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. ട്വിറ്ററില്‍ ഇത് ട്രെന്‍ഡായി കഴിഞ്ഞ ദിവസം മാറുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സഞ്ജുവിനെ പരിഗണിക്കാവുന്നതാണെന്ന് വസീംജാഫര്‍ വ്യക്തമാക്കുന്നത്. 'മൂന്നാം ഏകദിനത്തിലും സൂര്യകുമാറിന് മാനേജ്‌മെന്റ് അവസരം നല്‍കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇല്ലാ എങ്കില്‍ സഞ്ജു സാംസണ്‍ മികച്ച ഓപ്ഷനാണ്. സഞ്ജു എണ്ണം പറഞ്ഞ ബാറ്ററാണ്. അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം മികച്ച രീതിയില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്'- ജാഫര്‍ ചൂണ്ടിക്കാട്ടി. അതേസമയം ആസ്‌ട്രേലിയയെ നേരിടാനുള്ള ടീമിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുത്തിട്ടില്ല. സഞ്ജു 11 ഏകദിനങ്ങളിൽ നിന്നായി 66 റണ്‍സ് ബാറ്റിങ് ശരാശരിയാണ്. ഫോർമാറ്റിൽ 104.76 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.
വിശാഖപട്ടണം ഏകദിനത്തിൽ ആസ്ട്രേലിയ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചു. 118 റൺസ് വിജയലക്ഷ്യം 11 ഓവറിൽ മറികടക്കുകയായിരുന്നു. ആസ്ട്രേലിയക്കായി ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും അർധ സെഞ്ച്വറി നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ വീഴ്ത്തിയിരുന്നത്.