'മലയാളി പൊളിയാടാ'; എലൈറ്റ് പട്ടികയില്‍ ഇടം നേടി സഞ്ജു സാംസണ്‍
ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡും സഞ്ജു മറികടന്നു
പഞ്ചാബ് കിങ്സിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ നായകനായി ഗംഭീര അരങ്ങേറ്റമാണ് രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണ്‍ നടത്തിയത്. ഒടുവില്‍ സഞ്ജുവിന്‍റെ ഒറ്റയാള്‍ പോരാട്ടം വിഫലമായെങ്കിലും നിരവധി റെക്കോര്‍ഡുകളാണ് സെഞ്ച്വറിയോടെ അദ്ദേഹം കൈപ്പിടിയിലൊതുക്കിയത്.
ഐപിഎല്ലില്‍ മൂന്നോ അതിലധികമോ സെഞ്ച്വറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ സഞ്ജു ഇതോടെ ഇടം നേടി. ആറ് ശതകങ്ങളുമായി പഞ്ചാബ് കിംഗ്‌സിന്‍റെ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍. ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി അഞ്ച് സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തുണ്ട്. വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ആസ്‌ട്രേലിയന്‍ മുന്‍താരം ഷെയ്‌ന്‍ വാട്‌സണും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറും നാല് സെഞ്ചുറികളുമായി മൂന്നാമതാണ്. ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിനൊപ്പം നാലാം സ്ഥാനത്താണ് സഞ്ജു സാംസണ്‍.
റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് വീരേന്ദര്‍ സെവാഗിനൊപ്പം പങ്കിടാനും സഞ്ജുവിനായി. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്) താരമായിരുന്ന സെവാഗ് 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 119 റണ്‍സ് നേടിയിരുന്നു. ഇതേ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബിനായി പുറത്താകാതെ 120 റണ്‍സ് നേടിയ പോള്‍ വാല്‍ത്താട്ടിയാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡും അദ്ദേഹം മറികടന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് സഞ്ജു പഴങ്കഥയാക്കിയത്.
പഞ്ചാബ് മുന്നിൽ വച്ച 222 റൺസ് എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന രാജസ്ഥാനായി ഒറ്റയാള്‍ പോരാട്ടമാണ് സഞ്ജു നടത്തിയത്. ഒടുവിൽ അവസാന പന്തിൽ സിക്സറിനുള്ള സഞ്ജുവിന്‍റെ ശ്രമം ഹൂഡയുടെ കൈകളിലെത്തിയതോടെ രാജസ്ഥാന്‍ നാല് റൺസിന്‍റെ തോൽവി വഴങ്ങുകയായിരുന്നു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി കെഎല്‍ രാഹുല്‍ 50 പന്തിൽ 91 റൺസും ദീപക് ഹൂഡ 28 പന്തില്‍ 64 റൺസും ക്രിസ് ഗെയ്‌ല്‍ 28 പന്തില്‍ 40 റണ്‍സുമെടുത്തു.