സഞ്ജുവിന് ഇടമുണ്ടാകുമോ? ആശങ്കയിൽ ആരാധകർ

പോർട് ഓഫ് സ്‌പെയിനിലെ ക്വീൻസ്പാർക്ക് ഓവലില്‍ ബുധനാഴ്ച വൈകിട്ടാണ് മൂന്നാം മത്സരം

Update: 2022-07-27 10:02 GMT
Editor : abs | By : Web Desk
Advertising

ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ മലയാളി താരം സഞ്ജു വി സാംസണെ ഒഴിവാക്കുമോ എന്ന ആശങ്കയിൽ ആരാധകർ. ഏകപക്ഷീയമായ രണ്ടു വിജയവുമായി പരമ്പര ഇന്ത്യ സ്വന്തമാക്കിയ സാഹചര്യത്തിൽ ഇതുവരെ പുറത്തിരുന്ന ഇഷാൻ കിഷന് അവസരം നൽകിയാൽ സഞ്ജു ടീമിലുണ്ടാകില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ താരത്തെ മാറ്റി നിർത്തുന്നത് നീതീകരിക്കാനാകില്ലെന്ന നിലപാടിലാണ് മുൻ താരമായ രോഹൻ ഗവാസ്‌കർ അടക്കമുള്ളവർ.

പോർട് ഓഫ് സ്‌പെയിനിലെ ക്വീൻസ്പാർക്ക് ഓവലില്‍ ബുധനാഴ്ച വൈകിട്ടാണ് മൂന്നാം മത്സരം. 'നമുക്ക് ഇനിയും അവസരങ്ങളുണ്ട് എന്നാണ് ഞാൻ കരുതുന്നത്. സഞ്ജു സാംസണെ ഒഴിവാക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തു കൊണ്ടാണെന്ന് ഞാൻ പറയാം. എല്ലാവരും അദ്ദേഹത്തിന്റെ പ്രതിഭയെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. സഞ്ജുവിന് സ്ഥിരതയില്ല എന്നാണ് വിമർശനം. കഴിഞ്ഞ കളിയിൽ അദ്ദേഹം അർധശതകം നേടി. റൺസ് സ്‌കോർ ചെയ്യുന്ന വേളയിൽ ഒഴിവാക്കുന്നത് എന്തിന് എന്ന് അദ്ദേഹം ചിന്തിക്കും' - രോഹൻ കൂട്ടിച്ചേർത്തു. സഞ്ജുവിനെ ഒഴിവാക്കാതെ തന്നെ ഇഷാന് അവസരം നൽകട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാറ്റിങ്ങിന് പുറമേ, വിക്കറ്റ് കീപ്പിങ്ങിലും ഗംഭീര പ്രകടനമാണു സഞ്ജു ഇതുവരെ പുറത്തെടുത്തത്. ആദ്യ ഏകദിനത്തിൽ മുഹമ്മദ് സിറാജിന്റെ ബൗണ്ടറി പോകേണ്ട പന്ത് തകർപ്പൻ ഡൈവിലൂടെ തടഞ്ഞ് ഇന്ത്യൻ വിജയത്തിന് താരം വഴിയൊരുക്കിയിരുന്നു. രണ്ടാം ഏകദിനത്തിലും സഞ്ജു വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങി. രണ്ടാം ഏകദിനത്തിൽ 51 പന്തുകൾ നേരിട്ട താരം 54 റൺസെടുത്താണു പുറത്തായത്. മൂന്ന് സിക്‌സും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. എന്നാൽ ആദ്യ മത്സരത്തിൽ 12 റൺസെടുക്കാൻ മാത്രമാണ് താരത്തിന് സാധിച്ചത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങിയ ഓപ്പണർ ശുഭ്മൻ ഗില്ലിനു പകരം ഋതുരാജ് ഗെയ്ക്വാദിന് മൂന്നാം ഏകദിനത്തിൽ അവസരം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പേസർ മുഹമ്മദ് സിറാജിന് പകരം അർഷ്ദീപ് സിങ്ങിനെ മൂന്നാം ഏകദിനം കളിപ്പിച്ചേക്കും. ആദ്യ മത്സരത്തിൽ കളിച്ച പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി രണ്ടാം മത്സരത്തിൽ ഇന്ത്യ ആവേശ് ഖാനെ കളിപ്പിച്ചിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News