പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റു; സഞ്ജുവിന് ഏകദിന പരമ്പര നഷ്ടമായേക്കാം
ഫേസ്ബുക്കിൽ ഒരു ആരാധകൻ ഇങ്ങനെ കുറിച്ചു- പ്രിയപ്പെട്ട സഞ്ജു നീ കാത്തിരിക്കുക നിന്റേതായ ദിവസങ്ങൾ വരിക തന്നെ ചെയ്യും, നീ ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറുന്നത് കണ്ട് ഞങ്ങൾ മലയാളികൾ അൽപ്പം അഹങ്കാരത്തോടു കൂടി തന്നെ ചിരിക്കുക തന്നെ ചെയ്യും''
ഇന്ത്യയുടെ നീലകുപ്പായവുമണിഞ്ഞ് ഏകദിനത്തിൽ ഗ്രൗണ്ടിലിറങ്ങാനുള്ള സഞ്ജുവിന്റെയും ഒപ്പം മലയാളികളുടെയും ആഗ്രഹത്തിന് മുന്നിൽ നിർഭാഗ്യം കോട്ടകെട്ടി കാവലിരിക്കുകയാണ്.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ടീം ലിസ്റ്റ് പുറത്തുവരുമ്പോൾ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷയോടെ കാത്തുനിന്ന ഒരു പേരാണ് സഞ്ജു സാംസൺ. പക്ഷേ ആ സഞ്ജുവിന്റെ പേര് ആ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. സഞ്ജുവിന് പകരം അരങ്ങേറിയ ഇഷൻ കിഷനെ ചിലരെങ്കിലും മനസിൽ പഴിച്ച സമയം.
പക്ഷേ അതിനെക്കാളുപരി എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ടുള്ള അത്രശുഭകരമല്ലാത്ത വാർത്തകളാണ് ഇപ്പോൾ ശ്രീലങ്കയിൽ നിന്നു വരുന്നത്.
കാൽമുട്ടിനേറ്റ പരിക്ക് മൂലം സഞ്ജുവിന് ഏകദിന പരമ്പര നഷ്ടമായേക്കാൻ വരെ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിശീലനത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. നിലവിൽ സഞ്ജുവിന്റെ പരിക്ക് ടീമിന്റെ മെഡിക്കൽ സംഘം വിലയിരുത്തുകയാണ്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ജുവിന് ഈ പരമ്പര കളിക്കാനാകുമോ എന്ന് തീരുമാനിക്കുക.
സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയിട്ട് നാളെ 7 വർഷം പൂർത്തിയാകും. കൃത്യമായി പറഞ്ഞാൽ 2015 ജൂലൈ 19നാണ് തിരുവനന്തപുരം പുല്ലുവിള സ്വദേശി സഞ്ജു വിശ്വനാഥ് സാംസൺ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. സിംബാവേക്കെതിരേയുള്ള ട്വന്റി-20യിൽ ഹരാരെ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ആ അരങ്ങേറ്റം. അതിലെ ഏറ്റവും നിർഭാഗ്യകരമായ വസ്തുത എന്താണെന്ന് വച്ചാൽ ഈ ഏഴുവർഷ കാലയളവിൽ വെറും 7 പ്രാവശ്യം മാത്രമാണ് സഞ്ജു ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് സജീവമായി ക്രിക്കറ്റിൽ നിന്നിട്ടും ഇത്രയും വലിയ കാലയളവിൽ ഏഴ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ മാത്രം കളിക്കാനൻ സാധിച്ചത്. 2013 ൽ ഐപിഎല്ലിൽ അരങ്ങേറിയ സഞ്ജു ഇതുവരെ 28.9 ശരാശരിയിൽ 3 സെഞ്ച്വറികളുടെ അകമ്പടിയോടെ 2861 റൺസാണ് സഞ്ജു നേടിയത് എന്നത് കൂടി ഇതിനോട് ചേർത്തു വായിക്കണം. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയാണ് സഞ്ജു.
ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിൽ സഞ്ജുവിന് കളിക്കാൻ സാധിക്കാതെ പോയതിൽ നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ നിരാശ പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ തുടർച്ചയായി ദേശീയ ടീമിന് പുറത്തിരുത്താൻ ഒരു പ്രധാന കാരണം. പെട്ടെന്ന് വന്ന് തകർത്തടിക്കാൻ ശ്രമിക്കുന്ന സഞ്ജു പലപ്പോഴും അനാവശ്യ ഷോട്ടുകൾക്ക് പുറത്താകാറാണ് പതിവ്.
സഞ്ജു ഇന്ത്യൻ ടീമിനൊപ്പം ചേർന്ന പല മത്സരങ്ങളിലും ഇത് സംഭവിച്ചു. 2020 ൽ ഓസ്‌ട്രേലിയക്കെതിരേയാണ് അവസാനമായി സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലെത്തിയത്. ആ സീരിസിൽ 23(15), 15(10), 10 (9) എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പ്രകടനം.
ടീമിനു വേണ്ടി നിലയുറപ്പിച്ചു കളിക്കേണ്ട അവസ്ഥയിൽ പോലും സഞ്ജു ഉത്തരവാദിത്വമില്ലാതെ ബാറ്റ് വീശിയത് സഞ്ജുവിന്റെ കരിയറിൽ ചുവന്ന മാർക്ക് വരയ്ക്കാൻ കാരണമായി.
സഞ്ജുവിന്റെ ആ തെറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് മുതിർന്ന താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. അതേസമയം ഐപിഎല്ലിൽ എല്ലാ സീസണിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്നത് ഏത് അവസ്ഥയിലും എഴുതിത്തള്ളാൻ കഴിയുന്നതല്ല സഞ്ജു എന്ന താരത്തെ എന്നത് സൂചിപ്പിക്കുന്നു.
ഫേസ്ബുക്കിൽ ഒരു ആരാധകൻ ഇങ്ങനെ കുറിച്ചു- പ്രിയപ്പെട്ട സഞ്ജു നീ കാത്തിരിക്കുക നിന്റേതായ ദിവസങ്ങൾ വരിക തന്നെ ചെയ്യും, നീ ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറുന്നത് കണ്ട് ഞങ്ങൾ മലയാളികൾ അൽപ്പം അഹങ്കാരത്തോടു കൂടി തന്നെ ചിരിക്കുക തന്നെ ചെയ്യും''