ഏഴ് സിക്‌സറുകൾ: രഞ്ജിയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി സഞ്ജു
കേരളം മൂന്നിന് 98 എന്ന നിലയിലാണ് സഞ്ജു ക്രീസിലെത്തിയത്. ക്രിസീല്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം അറ്റാക്ക് ചെയ്യാനും സഞ്ജു മറന്നില്ല
റാഞ്ചി: രഞ്‍ജി ട്രോഫിയിലേക്ക് മൂന്നു വർഷത്തിനുശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി സഞ്ജു സാംസണ്‍. ജാർഖണ്ഡിനെതിരായ മത്സരത്തിൽ 72 റൺസാണ് സഞ്ജു നേടിയത്. സെഞ്ച്വറി നഷ്ടമായെങ്കിലും ഏഴ് സിക്‌സറുകളും നാല് ഫോറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു.
108 പന്തുകളിൽ നിന്നായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഒന്നാം ദിനം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന നിലയിലാണ്. അക്ഷയ് ചന്ദ്രനും സിജോമോൻ ജോസഫുമാണ് ക്രീസിൽ. ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞൈടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ രോഹൻ പ്രേമും രോഹൻ കുന്നുമ്മലും ചേർന്ന് നേടിയത് 90 റൺസിന്റെ മികച്ച കൂട്ടുകെട്ട്.
രോഹൻ പ്രേം 79 റൺസ് നേടി. രോഹൻ കുന്നുമ്മൽ 50 റൺസും നേടി. എന്നാൽ പത്ത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയ്ക്ക് മൂന്നു വിക്കറ്റുകൾ കൂടി വീണതോടെ കേരളം പരുങ്ങലിലായി. ഷോൺ റോജർ ഒരു റൺസ് നേടി പുറത്തായപ്പോൾ സച്ചിൻ ബേബിക്ക് അക്കൗണ്ട് തുറക്കാനായില്ല. പിന്നീടാണ് കേരളത്തെ ഉയർത്തിയ സഞ്ജുവിന്റെ ഇന്നിങ്‌സ്.
കേരളം മൂന്നിന് 98 എന്ന നിലയിലാണ് സഞ്ജു ക്രീസിലെത്തിയത്. ക്രിസീല്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം അറ്റാക്ക് ചെയ്യാനും സഞ്ജു മറന്നില്ല. തുടക്കത്തില്‍ ഏകദിന ശൈലിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ജാർഖണ്ഡിനായി ശഹബാസ് നദീം മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ പ്രവേശം വൈകുന്നതിനിടെയാണ് മികച്ച ഇന്നിങ്‌സും വരുന്നത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഒരൊറ്റ മത്സരത്തിൽ മാത്രമാണ് അവസരം നൽകിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.