'രോഹിതിനെപ്പോലെയാണ് സഞ്ജു, ടോപ് ഓർഡറിൽ അവസരം കൊടുക്കണം'; ഈ കണക്കുകൾ നോക്കൂ...
നായകന്‍ ഹാർദിക് പാണ്ഡ്യ ടീമിൽ അടിക്കടി കൊണ്ടുവന്ന മാറ്റം സഞ്ജുവിന്റെ താളം നഷ്ടപ്പെടുത്തിയെന്നാണ് പറയുന്നത്
മുംബൈ: സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു വിൻഡീസിനെതിരെ സമാപിച്ച ടി20 പരമ്പര. അഞ്ച് മത്സരങ്ങളിലും താരം നിരാശപ്പെടുത്തി. ഒരിക്കൽ പോലും ടീം സെലക്ടർമാരെയോ ആരാധകരെയോ തൃപ്തിപ്പെടുത്താൻ സഞ്ജുവിന് കഴിഞ്ഞില്ല. എന്നാൽ സഞ്ജുവിന്റെ മുന്നിൽ വാതിൽ പൂർണമായും കൊട്ടിയടഞ്ഞിട്ടില്ല.
അയർലാൻഡിനെതിരായ മത്സരമാണ് ഇനി താരത്തിന് മുമ്പിലുള്ളത്. അയർലാൻഡിൽ ബാറ്റ് ചലിപ്പിക്കാൻ സഞ്ജുവിന് ആകും എന്നാണ് ഇപ്പോൾ ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ വിൻഡീസിനെതിരെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനിലെ മാറ്റം താരത്തിന്റെ ഫോമിനെ ബാധിച്ചുവെന്ന അഭിപ്രായം ശക്തമാണ്. നായകന്‍ ഹാർദിക് പാണ്ഡ്യ ടീമിൽ അടിക്കടി കൊണ്ടുവന്ന മാറ്റം സഞ്ജുവിന്റെ താളം നഷ്ടപ്പെടുത്തിയെന്നാണ് പറയുന്നത്. സഞ്ജുവിനെ സ്ഥിരമായി കാണാറുള്ള ടോപ് ഓർഡറിൽ നിന്നും മാറ്റി വാലറ്റത്തിലായിരുന്നു അധികവും കണ്ടിരുന്നത്.
ഇത്തരത്തിലൊരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു സാംസൺ രോഹിതിനെപ്പോലെയാണെന്നും ടോപ് ഓർഡറിലാണ് അദ്ദേഹത്തെ പരിഗണിക്കേണ്ടതെന്നും പറയുകയാണ് ആകാശ് ചോപ്ര. 'രോഹിത് ശർമ്മയെപ്പോലെയാണ് സഞ്ജു സാംസൺ, അവനിൽ നിന്ന് മികച്ചത് ലഭിക്കാൻ ടോപ് ഓർഡറിൽ കളിപ്പിക്കണം'- ഒരു അഭിമുഖത്തില്‍ ആകാശ് ചോപ്ര പറഞ്ഞു.
ആകാശ് ചോപ്രയുടെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് പലരും. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജു അര്‍ധ സെഞ്ച്വറി നേടിയത് മൂന്നാമനായി എത്തിയപ്പോഴായിരുന്നു.
41 പന്തുകളിൽ നിന്ന് നാല് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 51 റൺസാണ് സഞ്ജു അന്ന് നേടിയത്. ആദ്യ ഏകദിനത്തിൽ സഞ്ജുവിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ രണ്ടാം ഏകദിനത്തിലും മൂന്നാമനായാണ് താരം ബാറ്റ് ചെയ്യാൻ എത്തിയത്. ഒമ്പത് റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. എന്നാൽ ടി20 പരമ്പരയിൽ സഞ്ജുവിനെക്കണ്ടത് ആറ്, അഞ്ച് സ്ഥാനങ്ങളില്‍. മൂന്നാമത് ഇറങ്ങുന്നതിൽ നിന്ന് ഭിന്നമായി അവസാനത്തിലേക്ക് എത്തുമ്പോൾ അടിച്ചുകളിക്കേണ്ട ചുമതലയാകും. വിക്കറ്റ് എളുപ്പത്തിൽ നഷ്ടമാകും. ആദ്യ രണ്ട് ടി20കളിലും അഞ്ചാമനും ആറാമനുമായിരുന്നു സഞ്ജു.
മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. അവിടെക്കും സഞ്ജുവിനെ ആറാമതായാണ് പരിഗണിച്ചതെന്ന് ബാറ്റിങ് ഓർഡർ നോക്കിയാൽ വ്യക്തം. ആറാം ടി20യിൽ താരത്തെ പരിഗണിച്ചത് അഞ്ചാം സ്ഥനത്തായിരുന്നു. എന്നാൽ ഐ.പി.എല്ലിൽ ആദ്യ മൂന്ന് ബാറ്റർമാരിലൊരാളായി സഞ്ജു എത്താറുണ്ട്. അടിച്ചുകളിച്ച് റൺസ് കണ്ടെത്തുകയും ചെയ്യുന്നു.