2018 ആവർത്തിക്കുമോ?; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്

ഇന്നത്തെ കളിയിൽ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ ആകും മലയാളി താരത്തിന് മുമ്പിലെ പ്രധാന വെല്ലുവിളി

Update: 2021-04-22 11:05 GMT
Editor : abs
Advertising

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേരിടുമ്പോൾ മലയാളി ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളെല്ലാം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിലേക്കാണ്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട സഞ്ജു തന്റെ ക്ലാസ് തെളിയിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷമാണ് താരം ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത്. 

2018 സീസണിൽ ബാംഗ്ലൂരിനെതിരെ 45 പന്തിൽ നിന്ന് 95 റൺസ് അടിച്ചുകൂട്ടിയ ഓർമകൾ ഇന്ന് സഞ്ജുവിനൊപ്പമുണ്ടാകും. പത്ത് സിക്‌സറുകളും രണ്ട് ബൗണ്ടറികളും ഉൾപ്പെട്ട തട്ടുതകർപ്പൻ ഇന്നിങ്‌സായിരുന്നു അത്. 15-ാം ഓവറിന് ശേഷമായിരുന്നു ബാംഗ്ലൂര്‍ ബൌളര്‍മാരെ അടിച്ചുപറത്തിയ താരത്തിന്റെ പ്രകടനം. പതിനഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് 129 റൺസ് എന്ന നിലയിൽ നിന്ന് കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റിന് 217 റൺസാണ് അന്ന് രാജസ്ഥാൻ അടിച്ചെടുത്തത്.

എന്നാൽ ഇന്നത്തെ കളിയിൽ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ ആകും മലയാളി താരത്തിന് മുമ്പിലെ പ്രധാന വെല്ലുവിളി. അഞ്ചു തവണയാണ് സഞ്ജു ചഹലിന് മുമ്പിൽ കറങ്ങി വീണിട്ടുള്ളത്. മൂന്ന് കളികളില്‍ നിന്ന് ഒരു മത്സരം മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. എന്നാല്‍ കളിച്ച മൂന്നു കളികളും ജയിച്ചാണ് ബാംഗ്ലൂരുവിന്‍റെ വരവ്. 

Tags:    

Editor - abs

contributor

Similar News