'പിന്നിൽനിന്നൊരു വിളി, കപ്പയും മീനും വേണോ?'; കരീബിയൻ അനുഭവം പറഞ്ഞ് സഞ്ജു
ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് താരം വിൻഡീസിലെത്തിയിട്ടുള്ളത്
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെത്തിയ മലയാളി താരം സഞ്ജു വി സാംസണെ വരവേറ്റ് ആരാധകർ. കരീബിയൻ മണ്ണിലെ വിശേഷങ്ങൾ താരം പങ്കുവച്ചു. മലയാളികൾക്കൊപ്പം സഞ്ജു സ്റ്റേഡിയത്തിലിരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയ ഉടൻ മലയാളി പിന്നിൽനിന്ന് വിളിച്ച്, കപ്പയും മീനും വേണോ എന്നു ചോദിച്ചതാണ് വിന്‍ഡീസിലെ ആദ്യ അനുഭവമെന്ന് താരം വീഡിയോയിൽ പറയുന്നു. പ്രാക്ടീസിന് വന്നപ്പോൾ കനത്ത മഴയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജു ട്രിനിഡാഡിൽ വന്നിറങ്ങുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരം വിമാനത്താവളത്തിൽനിന്ന് ബസ്സിലേക്ക് കയറാനായി പോകുന്ന വേളയിൽ, സഞ്ജു ചേട്ടാ... ഞങ്ങൾ ഗ്രൗണ്ടിലുണ്ടാകും. പൊളിച്ചേക്കണേ..' എന്ന് ആരാധകർ വിളിച്ചു പറയുന്നുണ്ട്. ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് താരം വിൻഡീസിലെത്തിയിട്ടുള്ളത്.
നാളെയാണ് വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണുള്ളത്. അഞ്ച് ടി20യുമുണ്ട്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ശിഖര്‍ ധവാന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യയിറങ്ങുന്നത്. വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, ഹർദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റിതുരാജ് ഗെയ്ക്ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു വി സാംസൺ (വിക്കറ്റ്കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ്.