'ആശാനേ... ക്യാച്ച്... ക്യാച്ച്...' ടീം മീറ്റിംഗിൽ ചിരി പടർത്തി സഞ്ജുവിന്റെ ആംഗ്യം

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഏറ്റുമുട്ടും

Update: 2023-04-12 08:10 GMT

സഞ്ജു സാംസൺ 

Advertising

ഡൽഹിക്കെതിരെയുള്ള കഴിഞ്ഞ കളിയിൽ ബാറ്റിങിൽ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിന് പിന്നിൽ മിന്നും പ്രകടനം നടത്തിയിരുന്നു രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഈ മത്സരം വിജയിച്ചതിന് ശേഷം നടന്ന ടീം മീറ്റിംഗിൽനിന്നുള്ള റീൽസ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കോച്ച് കുമാർ സംഗക്കാര സംസാരിക്കുന്ന ഭാഗമാണ് രാജസ്ഥാൻ റോയൽസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

'ക്യാപ്റ്റൻ ഇന്ന് വളരെ നന്നായി നയിച്ചു, മികച്ചതായിരുന്നു നായകത്വം, ബൗളർമാരെ നന്നായി ഉപയോഗിച്ചു... നല്ല തീരുമാനങ്ങളെടുത്തു.. അതിൽ ഒട്ടും ഭയപ്പെട്ടില്ല, വെൽഡൺ...' സംഗക്കാര ഇത്രയും പറഞ്ഞതും സഞ്ജു തന്റെ മികച്ച ക്യാച്ച് ആംഗ്യത്തിലൂടെ ഓർമിപ്പിക്കുകയായിരുന്നു. ഇതോടെ ക്യാമറ ക്രൂവടക്കം ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അപ്പോൾ 'സോറി, ആ ക്യാച്ച് ഞാൻ മറന്നു.. ഫൻറാസ്റ്റിക് ക്യാച്ച്.. ബ്രില്യൻറ്...' സംഗക്കാര സഞ്ജുവിന്റെ ക്യാച്ചിനെയും അഭിനന്ദിച്ചു. ഇതോടെ മീറ്റിംഗ് ഹാളിൽ കൂട്ടച്ചിരി മുഴങ്ങി.

റീൽസിന് താഴെ നിരവധി പേരാണ് സഞ്ജുവിന്റെ ഹ്യൂമർ സെൻസിനെ പുകഴ്ത്തിയത്. പല ഘട്ടങ്ങളിലും വിനയം കൊണ്ട് ആരാധകരെ കയ്യിലെടുത്തിട്ടുമുണ്ട് മലയാളി താരം. ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഏറ്റുമുട്ടും. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

മാച്ചിന് മുന്നോടിയായി സഞ്ജുവും ധോണിയും ഒന്നിച്ച് നിൽക്കുന്ന ചിത്രം സി.എസ്.കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളടക്കം ഈ ചിത്രം പങ്കുവെച്ചിരുന്നു. 'വാത്തി ഇവിടെയുണ്ട്' എന്ന കുറിപ്പോടെയാണ് സഞ്ജു ചിത്രം ഷെയർ ചെയ്തത്. ഇരുവരും നെറ്റ്‌സിൽ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജുവിന്റെ ആക്രോബാറ്റിക് ഡൈവ്

ഡൽഹി ക്യാപിറ്റൽസ് ഇന്നിങ്‌സിലെ ആദ്യ ഓവറിൽ പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജു സാംസൺ നടത്തിയ ആക്രോബാറ്റിക് ഡൈവ് ആരാധകർ ഏറ്റെടുത്തിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു സഞ്ജുവിന്റെ സൂപ്പർമാൻ ജമ്പ്. ട്രെൻറ് ബോൾട്ട് എറിഞ്ഞ പന്ത് എഡ്ജ് ചെയ്ത പൃഥ്വി ഷാ വിക്കറ്റിന് പിന്നിൽ സഞ്ജുവിൻറെ കൈകളിൽ അവസാനിക്കുകയായിരുന്നു. എഡ്ജ് ചെയ്ത് സ്ലിപ്പിലേക്ക് പോയ പന്ത് ഒരു ഫുൾ ലെങ്ത് ഡൈവിലൂടെയാണ് സഞ്ജു കൈപ്പിടിയിലൊതുക്കിയത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ് ഇന്ന് പക്ഷേ ബാറ്റിങിൽ ആ മികവ് പുറത്തെടുക്കാനായില്ല. നേരിട്ട നാലാം പന്തിൽ സിക്‌സറിന് ശ്രമിച്ച സഞ്ജു ലോങ് ഓണിൽ നോർജ്ജെക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

അതേസമയം 200 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽത്തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇംപാക്ട് പ്ലെയറായി ഇറക്കിയ പൃഥ്വി ഷായെ ഇന്നിങ്‌സിലെ രണ്ടാം പന്തിൽത്തന്നെ ട്രെൻറ് ബോൾട്ട് തിരിച്ചയച്ചു. അവിടെ തീർന്നില്ല തൊട്ടടുത്ത പന്തിൽ ഒരു കിടിലൻ ഇൻസ്വിങ്ങറിലൂടെ മനീഷ് പാണ്ഡേയെയും ബോൾട്ട് മടക്കി.





Sanju's gesture draws laughter at Rajasthan Royals' team meeting

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News