സിക്‌സറടിച്ച് സർഫറാസിന്റെ ഫിഫ്റ്റി; ബാറ്റിങ് ഏകദിന ശൈലിയിൽ
അഞ്ചാമനായാണ് സർഫാറാസ് ക്രീസിലെത്തിയത്
രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധസെഞ്ച്വറിയുമായി സർഫറാസ് ഖാൻ. ഏറെ കാലം ആഭ്യന്തര ക്രിക്കറ്റിൽ 'വിരാട് കോഹ്‌ലി'യായി വിരാജിച്ച താരത്തിന് ലോകേഷ് രാഹുലടക്കമുള്ള സീനിയർ താരങ്ങള്‍ക്ക് പരിക്കേറ്റതോടെയാണ് ടീമിൽ അവസരം ലഭിച്ചത് തന്നെ.
എന്നാൽ വിശാഖപ്പട്ടത്തെ ടെസ്റ്റിൽ താരത്തിന് പുറത്തിരിക്കേണ്ടിവന്നു. ഭാഗ്യമെത്തിയത് രാജ്‌കോട്ടിൽ. അഞ്ചാമനായാണ് സർഫറാസ് ക്രീസിലെത്തിയത്. രോഹിത് ശർമ്മ പുറത്തായതിന് പിന്നാലെയായിരുന്നു സർഫറാസിന്റെ പ്രവേശം. മാർക്ക് വുഡായിരുന്നു ബൗളർ. നേരിട്ട അഞ്ചാം പന്തിലാണ് സർഫറാസ് അക്കൗണ്ട് തുറന്നത്. ആദ്യ നാല് പന്തുകളും പിച്ചിനെ റീഡ് ചെയ്യുകയായിരുന്നു താരം.
അഞ്ചാം പന്തിനെ മിഡ് വിക്കറ്റിലേക്ക് കളിച്ച സർഫറാസ്, മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. പിന്നിടങ്ങോട്ട് ആ 'മൊമന്റം' സർഫറാസ് തുടർന്നു. തനത് ടെസ്റ്റ് ശൈലിയില്‍ നിന്ന് അൽപ്പം മാറി ഏകദിന ടച്ചിലായിരുന്നു താരത്തിന്റെ ബാറ്റിങ്. പ്രതിരോധം ആവശ്യമുള്ളപ്പോൾ മാത്രം ആ ബാറ്റിൽ നിന്നും വന്നു. മോശം പന്തുകളെ മികച്ച രീതിയിൽ തന്നെ താരം നേരിടുകയും ചെയ്തു.
സ്പിന്നർ രെഹാൻ അഹമ്മദിനെതിരെയാണ് സർഫറാസ് ആദ്യ ബൗണ്ടറി നേടുന്നത്. നേരിട്ട 48ാം പന്തിൽ തന്നെ അദ്ദേഹം അർധ സെഞ്ച്വറി കണ്ടെത്തി, അതും ഒരു സിക്സര്‍ പറത്തി. ടോം ഹാട്ലിയെയായിരുന്നു താരം ഗ്യാലറിയില്‍ എത്തിച്ചത്. എന്നാൽ വ്യക്തിഗത സ്‌കോർ 62ൽ നിൽക്കെ താരം റൺഔട്ടായി. 66 പന്തുകളിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അതേസമയം തുടക്കത്തിലെ തകർച്ചക്ക് ശേഷം ഇന്ത്യ മികച്ച നിലയിലാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും ചേർന്നാണ് ടീമിനെ കരകയറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. രോഹിത് ശർമ്മ 131റൺസ് നേടിയാണ് പുറത്തായത്. ജയ്‌സ്വാൾ(10)ശുഭ്മാൻ ഗിൽ(0) രജത് പട്ടിദാർ(5) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.