സഞ്ജുവിന്റെ ഗതി വരുമോ സർഫറാസ് ഖാനും; രണ്ടാം ടെസ്റ്റിലെ സാധ്യത ഇങ്ങനെ
കെഎൽ രാഹുലിന് പകരമാണ് ടീമിലെത്തിയതെങ്കിലും ആദ്യ ടെസ്റ്റിൽ അവസരം ലഭിക്കാതിരുന്ന രജിത് പടിദാറിനെയാകും പരിഗണിക്കുക.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലേക്ക് തിരിച്ചുവിളിച്ചെങ്കിലും സർഫറാസ് ഖാന് മലയാളി താരം സഞ്ജു സാംസണിന്റെ ഗതി വരുമോയെന്ന ആശങ്കയിൽ ആരാധകർ. കെഎൽ രാഹുലിന് പകരമാണ് ടീമിലെത്തിയതെങ്കിലും ആദ്യ ടെസ്റ്റിൽ അവസരം ലഭിക്കാതിരുന്ന രജിത് പടിദാറിനെയാകും പരിഗണിക്കുക. വിരാട് കോഹ്‌ലിയ്ക്ക് പകരക്കാരനായാണ് പടിദാർ ടീമിലെത്തിയത്. മലയാളി താരം സഞ്ജു സാംസണ് സ്ഥിരമായി ഇന്ത്യൻ സ്‌ക്വാർഡിൽ എത്താറുണ്ടെങ്കിലും പ്ലെയിങ് ഇലവനിൽ അപൂർവ്വമായി മാത്രമാണ് അവസരം ലഭിച്ചിരുന്നത്.
ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് സർഫറാസ് ഖാന് ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിരന്തരം തഴയുകയായിരുന്നു. ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം നടത്തിയിട്ടും വിരാട് കോഹ്‌ലിയുടെ പകരക്കാരനയി രജത് പാടീദാറിനെയാണ് സെലക്ടർമാർ പരിഗണിച്ചത്. സർഫറാസിന്റെ ഫിറ്റ്‌നസ് പ്രശ്‌നമാണ് സെലക്ഷൻ ലഭിക്കാതിരിക്കാനുള്ള കാരണമായി പലപ്പോഴും പറഞ്ഞിരുന്നത്. മൂന്ന് ടെസ്റ്റിലേക്ക് കെഎൽ രാഹുൽ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുണ്ട്. ഇതോടെ രണ്ടാം ടെസ്റ്റിലേക്ക് മാത്രമാകും യുവതരത്തെ പരിഗണിക്കുക.
അതേസമയം, വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ടീം ഇന്ത്യ രണ്ടാം ടെസ്റ്റിൽ ബാറ്റിങ് ഓർഡറിൽ മാറ്റങ്ങൾ വരുത്തിയേക്കും. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ശുഭ്മാൻ ഗിലിന്റെ പൊസിഷൻ മാറ്റി പരീക്ഷിച്ചേക്കും. ആദ്യ ടെസ്റ്റിൽ പൂജ്യത്തിനാണ് യുവതാരം മടങ്ങിയത്. മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ശ്രേയസ് അയ്യർക്ക് ഒരവസരം കൂടി നൽകിയേക്കും. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 28 റൺസിന്റെ തോൽവിയാണ് നേരിട്ടത്.