'സംതൃപ്തി നൽകിയത് കോഹ്‌ലി പുറത്തായപ്പോഴുണ്ടായ സ്റ്റേഡിയത്തിലെ നിശബ്ദത': പാറ്റ് കമ്മിൻസ് പറയുന്നു...
അർധ ശതകം പിന്നിട്ട് ക്രീസിൽ ഉറച്ചുവെന്ന തോന്നലിനിടെയാണ് കോഹ്‌ലിയെ കമ്മിൻസ് വീഴ്ത്തുന്നത്
അഹമ്മദാബാദ്: വിരാട് കോഹ്‌ലി പുറത്തായപ്പോഴുണ്ടായ സ്റ്റേഡിയത്തിലെ നിശബ്ദത ഏറെ സംതൃപ്തി നൽകിയതായി ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. അർധ ശതകം പിന്നിട്ട് ക്രീസിൽ ഉറച്ചുവെന്ന തോന്നലിനിടെയാണ് കോഹ്‌ലിയെ കമ്മിൻസ് വീഴ്ത്തുന്നത്.
കോഹ്‌ലിയുടെ എഡ്ജിൽ തട്ടിയ പന്ത് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. 54 റൺസായിരുന്നു കോഹ്ലിയടെ സമ്പാദ്യം. അതോടെ 81ന് മൂന്ന് എന്ന നിലയിൽ പതറിയ ഇന്ത്യ, 148ന് നാല് എന്ന നിലയിലേക്ക് എത്തി. കോഹ്‌ലിയുടെ വിക്കറ്റാണ് തനിക്ക് സംതൃപ്തി നൽകിയതെന്ന് പറയുകയാണ് പാറ്റ് കമ്മിൻസ്. ഒരു ലക്ഷത്തോളം വരുന്ന സ്റ്റേഡിയത്തെ നിശബ്ദരാക്കുക എന്നതാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന കമ്മിൻസിന്റെ മത്സരത്തിന് മുമ്പുളള പ്രസ്താവനയും വൈറലായിരുന്നു.
'' മുന്‍ മത്സരങ്ങളിലെപ്പോലെ ഈ മത്സരങ്ങളിലും കോഹ്‌ലി സെഞ്ച്വറി നേടുമെന്ന് കരുതി, സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. എന്നാല്‍ കോഹ് ലിയുടെ പുറത്താകലിലാണ് സംതൃപ്തി ലഭിച്ചത്. ലോകകപ്പിലെ ഈ ജയത്തോടെ ഏകദിന മത്സരങ്ങളോട് താന്‍ വീണ്ടും പ്രണയത്തിലായതായി. ടൂര്‍ണമെന്റിലെ ഓരോ മത്സരവും പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. അത് ഒരു ഉഭയകക്ഷി മത്സരങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണെന്ന് കരുതുന്നു- കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തിൽ അച്ചടക്കത്തോടെയാണ് കമ്മിൻസ് പന്ത് എറിഞ്ഞത്. പത്ത് ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് കമ്മിൻസ് വീഴ്ത്തിയത്. ആസ്ട്രേലിയന്‍ ബൗളർമാരിൽ പത്ത് ഓവറിൽ കുറഞ്ഞ റൺസ് വിട്ടുകൊടുത്തത് കമ്മിൻസ് ആയിരുന്നു. അതേസമയം താരത്തിന്റെ 'നായക മികവും' പ്രശംസിക്കപ്പെട്ടു.
ആറാം ഏകദിന ലോകകപ്പാണ് ആസ്‌ട്രേലിയ ഷെൽഫിൽ എത്തിച്ചത്. അതും ടൂർണമെന്റിലെ ഫേവേറിറ്റുകൾ എന്ന് എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞൊരു ടീമിനെ തോൽപിച്ച്. ട്രാവിസ് ഹെഡാണ് ആസ്‌ട്രേലിയയുടെ വിജയശിൽപ്പി. മൂന്ന് വിക്കറ്റിൽ ഞെട്ടിപ്പോയ ആസ്‌ട്രേലിയയെ ശ്രദ്ധയോടെ കളിച്ച് ഹെഡ് കരകയറ്റുകയായിരുന്നു. കൂട്ടിന് ലബുഷെയിനും. 120 പന്തിൽ നിന്ന് പതിനഞ്ച് ഫോറും നാല് സിക്‌സറും അടക്കം 137 റൺസാണ് ഹെഡ് നേടിയത്.
Summary-'Silence Of Crowd When Virat Kohli Got Out Was Most Satisfying': Pat Cummins