'പുജാരയെ പോലെ കളിച്ചു കൊണ്ടിരുന്ന ബെയര്‍സ്റ്റോയെ പന്തിനെ പോലെ ആക്കിയില്ലെ'; കോഹ്‍ലിയെ ട്രോളി സെവാഗ്
"കോഹ്ലിയുടെ സ്ലെഡ്ജിങ്ങിന് മുമ്പ് ബെയര്‍സ്റ്റോയുടെ സ്‌ട്രൈക്ക് റൈറ്റ് വെറും 21 ആയിരുന്നു. സ്ലൈഡ്ജിങ്ങിന് ശേഷം അത് 150 ആയി"
ബെര്‍മിങ്ഹാം : എഡ്ജ്ബാസ്റ്റൺ ടെസ്റ്റില്‍ 83 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി വൻ ബാറ്റിങ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിനെ കരകയറ്റിയത് ജോണി ബെയർസ്‌റ്റോയുടെ തകർപ്പൻ ഇന്നിങ്‌സാണ്. ഒരു ഘട്ടത്തിൽ ഇന്ത്യൻ ബോളർമാരെ നേരിടാൻ നന്നേ പാടുപെട്ട ബെയര്‍സ്റ്റോ 64 പന്തിൽ നിന്ന് വെറും 16 റൺസുമായി പതറുകയായിരുന്നു.
ബെയർസ്റ്റോയെ ന്യൂസിലന്‍റ് താരം ടിം സൗത്തിയുടെ പേരു പറഞ്ഞ് ആദ്യ ദിനം ഇന്ത്യൻ താരം വിരാട് കോഹ്ലി സ്ലഡ്ജ് ചെയ്തു. ഇന്നലെ കുറച്ചു കൂടി കടുത്ത രീതിയിലാണ് കോഹ്ലി ബെയർസ്റ്റോയോട് പെരുമാറിയത്. ചുണ്ടിൽ വിരൽ വച്ച് വായടക്കാനടക്കം കോഹ്ലി ബെയർസ്‌റ്റോയോട് പറയുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.
കോഹ്ലിയുടെ പ്രകോപനങ്ങൾക്ക് ശേഷം ബെയര്‍സ്റ്റോ തകർത്തടിച്ച് സെഞ്ച്വറി കുറിച്ചു. 140 പന്തില്‍ നിന്ന് 106 റണ്‍സാണ് ബെയര്‍സ്റ്റോ അടിച്ചെടുത്തത്.
കോഹ്ലിയുടെ പ്രകോപനത്തെ നിശിതമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. പുജാരയെ പോലൈ പതിയെ കളിച്ചു കൊണ്ടിരുന്ന ബെയര്‍സ്റ്റോയെ ഒറ്റയടിക്ക് കോഹ്‍ലി ഋഷബ് പന്തിനെ പോലെ ആക്കിക്കളഞ്ഞു എന്നാണ് സെവാഗ് ട്വിറ്ററിൽ കുറിച്ചത്.
"കോഹ്ലിയുടെ സ്ലെഡ്ജിങ്ങിന് മുമ്പ് ബെയര്‍സ്റ്റോയുടെ സ്‌ട്രൈക്ക് റൈറ്റ് വെറും 21 ആയിരുന്നു. സ്ലൈഡ്ജിങ്ങിന് ശേഷം അത് 150 ആയി. പുജാരയെ പോലെ പതിയെ കളിച്ചു കൊണ്ടിരുന്ന ബെയര്‍സ്റ്റോയെ ഒറ്റയടിക്ക് ഋഷബ് പന്തിനെ പോലെ ആക്കിക്കളഞ്ഞു കോഹ്ലി"- സെവാഗ് കുറിച്ചു.