ഷഹീൻ അഫ്രീദിയുടെ യോർക്കറിൽ അഫ്ഗാൻ ബാറ്റർക്ക് പരിക്ക്: ചികിത്സ തേടി

അഫ്ഗാനിസ്താനെതിരായ സന്നാഹ മത്സരത്തിൽ അഫ്രീദി തന്റെ ഉഗ്രരൂപം പുറത്തെടുത്തു

Update: 2022-10-19 14:31 GMT
Editor : rishad | By : Web Desk
Advertising

ഗാബ: മുട്ടിനേറ്റ പരിക്ക് മൂലം ഏഷ്യാകപ്പ് നഷ്ടമായ പാക് ബൗളർ ഷഹീൻ അഫ്രീദിയുടെ 'കിടിലൻ' തിരിച്ചുവരവ്. അതും എതിർ ടീം ബാറ്ററുടെ കാലിൽ പരിക്കേൽപിച്ച്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ താരം പന്ത് എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ അഫ്ഗാനിസ്താനെതിരായ സന്നാഹ മത്സരത്തിൽ അഫ്രീദി തന്റെ ഉഗ്രരൂപം പുറത്തെടുത്തു. നാല് ഓവർ എറിഞ്ഞ അഫ്രീദി, രണ്ട് വിക്കറ്റ് വീഴ്ത്തി. അഫ്രീദിയുടെ ആദ്യ ഓവറുകളിൽ അഫ്ഗാൻ ബാറ്റർമാർ പ്രയാസപ്പെട്ടു.

മത്സരത്തിനിടെ അഫ്രീദിയുടെ വേഗമേറിയ പന്ത് നേരിട്ട ഒരു അഫ്ഗാന്‍ ബാറ്റര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനാണ് പരിക്കേറ്റത്. തുടര്‍ന്ന് താരം ആശുപത്രിയില്‍ ചികിത്സ തേടി. മത്സരത്തിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം.

അഫ്രീദിയുടെ അതിവേഗത്തില്‍ വന്ന യോര്‍ക്കര്‍ നേരിടുന്നതില്‍ ഗുര്‍ബാസിന് പിഴച്ചു. പന്ത് നേരെ കണങ്കാലിനാണ് ഇടിച്ചത്. ഉടന്‍ തന്നെ അമ്പയര്‍ എല്‍.ബി.ഡബ്ല്യു വിളിക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ ഗുര്‍ബാസ് ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു. സഹതാരങ്ങള്‍ ചേര്‍ന്നാണ് താരത്തെ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. പിന്നാലെ ഗുര്‍ബാസിന് വൈദ്യസഹായം നല്‍കുകയും ചെയ്തു. അതേസമയം പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 20 ഓവറിൽ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ്. 51 റൺസ് നേടിയ നായകൻ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്താന്റെ ടോപ് സ്‌കോറർ. ഇബ്‌റാഹിം സദ്‌റാൻ 35 റൺസ് നേടി. മറുപടി ബാറ്റിങിൽ പാകിസ്താൻ 2.2 ഓവറിൽ 19 റൺസിൽ നിൽക്കെ മഴ കളി തടസപ്പെടുത്തുകയായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News