തന്നെ ആകര്‍ഷിച്ച കളിക്കാരെക്കുറിച്ച് ഷാഹിദ് അഫ്രീദി; ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രം

ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ പാക് താരങ്ങളായ ഫഖര്‍ സമാനും ബാബര്‍ ആസാമുമാണ് ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍.

Update: 2021-07-04 06:16 GMT
Advertising

ക്രിക്കറ്റ് പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് പാക് താരം ഷാഹിദ് അഫ്രീദി. വെടിക്കെട്ട് ബാറ്റിങ്ങും മികച്ച ബൗളിങ്ങും കൊണ്ടാണ് അഫ്രീദി ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇടംപിടിച്ചത്. 37 ബോളുകളില്‍ സെഞ്ച്വറി നേടിയ അഫ്രീദിയുടെ റെക്കോര്‍ഡ് 18 വര്‍ഷമാണ് തകര്‍ക്കപ്പെടാതെ നിന്നത്. പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരമാണ് അഫ്രീദി.

തന്നെ ഏറ്റവും കൂടുതുല്‍ ആകര്‍ഷിച്ച കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുകയാണ് അഫ്രീദി. പാക്കിസ്ഥാന്‍ യൂട്യൂബ് ചാനലായ ഖേലോ ആസാദിയിലാണ് അഫ്രീദിയുടെ പ്രതികരണം. ഇന്‍സമാമുല്‍ ഹഖും സഈദ് അന്‍വറുമാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കളിക്കാരെന്ന് അഫ്രീദി പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇന്‍സമാമുല്‍ ഹഖും സഈദ് അന്‍വറുമായിരുന്നു. അവരുടെ കളികള്‍ നിരന്തരമായി ടി.വിയില്‍ കണ്ട് തന്റെ കളി മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് അവരുടെ കൂടെ കളിക്കാന്‍ തുടങ്ങിയപ്പോള്‍ തന്റെ സ്വപ്നം നിറവേറി. മറ്റു രാജ്യത്തെ കളിക്കാരില്‍ ബ്രയാന്‍ ലാറയും ഗ്ലെയിന്‍ മഗ്രാത്തുമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്-അഫ്രീദി പറഞ്ഞു.

ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ പാക് താരങ്ങളായ ഫഖര്‍ സമാനും ബാബര്‍ ആസാമുമാണ് ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍. പാക്കിസ്ഥാന് പുറത്ത് എ.ബി ഡിവില്ലിയേഴ്‌സ് ആണ് തനിക്ക് പ്രിയപ്പെട്ട താരം. വിരമിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇനിയും ക്രിക്കറ്റില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമായിരുന്നു എന്നും അഫ്രീദി പറഞ്ഞു.

വിരാട് കോഹ്‌ലിയാണ് അഫ്രീദിയുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം. എ.ബി ഡിവില്ലിയേഴ്‌സ്, ബാബര്‍ ആസം, വിരാട് കോഹ്‌ലി എന്നിവരാണ് ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ഫഖര്‍ സമാന്‍ മികച്ച തുടക്കം നല്‍കിയാല്‍ പാക്കിസ്ഥാന് വിജയം ഉറപ്പാണെന്നും അഫ്രീദി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News