'എന്തു വില കൊടുത്തും ഇന്ത്യയെ സെമിയിലെത്തിക്കാനുള്ള ശ്രമമാണ്'; ആരോപണവുമായി ഷാഹിദ് അഫ്രീദി
"ബംഗ്ലാദേശ് കാണിച്ച പോരാട്ട വീര്യം അപാരമായിരുന്നു"
കറാച്ചി: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ വിജയത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആരോപണവുമായി പാക് താരങ്ങളും മാധ്യമപ്രവർത്തകരും. ഇന്ത്യക്ക് അനുകൂലമായ തീരുമാനങ്ങളാണ് ടൂർണമെന്റിൽ അംപയർമാർ എടുക്കുന്നതെന്ന് പാക് മുൻ നായകൻ ഷാഹിദ് അഫ്രീദി അടക്കമുള്ളവർ കുറ്റപ്പെടുത്തി.
ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ കളി വേഗത്തിൽ പുനരാരംഭിച്ചത് ഇന്ത്യയുടെ സമ്മർദ്ദത്തിന്റെ ഫലമാണ് എന്നാണ് അഫ്രീദിയുടെ ആരോപണം. 'അന്നുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ, ഇടവേളയ്ക്ക് ശേഷം വേഗത്തിൽ കളി പുനരാംരംഭിച്ചു. ഐസിസി, ഇന്ത്യ കളിക്കുന്നു, അതു മൂലമുള്ള സമ്മർദം... ഇങ്ങനെ ഒരുപാട് ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ ലിറ്റന്റെ ബാറ്റിങ് വിസ്മയകരമായിരുന്നു. അദ്ദേഹം പോസിറ്റീവ് ക്രിക്കറ്റാണ് കളിച്ചത്. ആറോവറിന് ശേഷം, അടുത്ത രണ്ട് മൂന്നു ഓവറിൽ വിക്കറ്റു വീണാലും ബംഗ്ലാദേശ് ജയിക്കുമെന്നാണ് നമ്മൾ കരുതിയത്. എല്ലാറ്റിനുമപ്പുറം, ബംഗ്ലാദേശ് കാണിച്ച പോരാട്ട വീര്യം അപാരമായിരുന്നു' - മത്സരവുമായി ബന്ധപ്പെട്ട് സമ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ അഫ്രീദി പറഞ്ഞു.
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അഞ്ചു റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടരുന്നതിനിടെ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ ഏഴു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 എന്ന നിലയിലായിരുന്നു. മഴ മാറിയതോടെ ലക്ഷ്യം 16 ഓവറിൽ 151 റൺസ് ആക്കി പുതുക്കി. എന്നാൽ നിശ്ചിത ഓവറിൽ 145 റൺസെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ.
മഴ മാറിയ ഉടൻ കളി പുനരാരംഭിച്ചത് ഇന്ത്യയെ സഹായിക്കാനാണ് എന്ന ആക്ഷേപമാണ് പാക് മാധ്യമപ്രവർത്തകർ ഉന്നയിച്ചിരുന്നത്. നിർണായകമായ ഒരു മത്സരത്തിൽ നനഞ്ഞ ഔട്ട്ഫീൽഡിൽ കളി നടത്താൻ ഐസിസി എങ്ങനെയാണ് സമ്മതം നൽകിയതെന്ന് ജിയോ ഉർദു ന്യൂസിലെ മാധ്യമപ്രവർത്തകൻ അർഫ ഫറോസ് സാകെ ചോദിച്ചു. 'ഔട്ട്ഫീൽഡ് ഉണങ്ങാൻ അംപയർമാൻ എന്തു കൊണ്ട് ജീവനക്കാരെ അനുവദിച്ചില്ല. ഔട്ട്ഫീൽഡ് ഇങ്ങനെ നിൽക്കണമെന്ന് അംപയർമാർ എന്തിനാണ് ആഗ്രഹിച്ചത്.?' - അദ്ദേഹം ചോദിച്ചു.
അതിനിടെ, അപ്രതീക്ഷിതമായ ഉയിർപ്പുകളും വീഴ്ചകളും സംഭവിച്ചതോടെ സെമി ഫൈനൽ ലൈനപ്പിന്റെ അന്തിമ ചിത്രം അവ്യക്തമായി. സൂപ്പർ 12ലെ അവസാന മത്സരത്തോടെ മാത്രമേ ചിത്രം വ്യക്തമാകൂ. നാലു മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യക്ക് മൂന്നു ജയവും ഒരു തോൽവിയും സഹിതം ആറു പോയിന്റാണ് ഉള്ളത്. ഞായറാഴ്ച മെൽബണിൽ സിംബാബ്‌വേ ആണ് ഇന്ത്യയുടെ എതിരാളികൾ.