'അയ്യേ, നാണക്കേട്': തോറ്റമ്പിയ ടീമിനെ 'കുടഞ്ഞ്' ആസ്‌ട്രേലിയൻ മാധ്യമങ്ങൾ
ടീം ഘടനയിൽ മാറ്റം വേണമെന്നും ഫോമിലില്ലാത്തവരെ പുറത്തിരുത്തണമെന്നും മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുന്നു.
സിഡ്‌നി: നാഗ്പൂർ ടെസ്റ്റിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും അമ്പെ പരാജയമായ ആസ്‌ട്രേലിയൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി ആസ്‌ട്രേലിയൻ മാധ്യമങ്ങൾ. നാണക്കേട്, അമ്പരപ്പ് എന്നിങ്ങനെയൊക്കെയാണ് ആസ്‌ട്രേലിയൻ മാധ്യമങ്ങൾ തോൽവിയെ വിശേഷിപ്പിക്കുന്നത്. ടീം ഘടനയിൽ മാറ്റം വേണമെന്നും ഫോമിലില്ലാത്തവരെ പുറത്തിരുത്തണമെന്നും മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുന്നു.
മത്സരത്തിന്റെ മൂന്നാം ദിനം തന്നെ കളി തീർത്ത ഇന്ത്യ, ആസ്‌ട്രേലിയയെ പൂട്ടിയിടുകയായിരുന്നു. രവീന്ദ്ര ജഡേജയുടെയും രവിചന്ദ്ര അശ്വിന്റെയും പന്തുകൾക്ക് ഉത്തരമില്ലാതെ പോയ ആസ്‌ട്രേലിയ ബാറ്റിങ് തന്നെ മറക്കുകയായിരുന്നു. സ്പിൻ പിച്ചാണെന്ന പഴി വേണ്ടെന്നാണ് ആസ്‌ട്രേലിയൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യ എങ്ങനെ 400 റൺസ് നേടിയെന്നും മാധ്യമങ്ങൾ ചോദിക്കുന്നു. കളിയെ ആസ്‌ട്രേലിയൻ ടീം സമീപിച്ച രീതിയേയും ചില മാധ്യമങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ഫോം തുടരുന്ന ട്രാവിസ് ഹെഡിനെ പുറത്തിരുത്തിയതും വിമർശനത്തിനിടയാക്കി.
സ്പിന്നിൽ ഉന്നത മേധാവിത്വം പുലർത്തുന്ന ഒരു ടീമിനെ ഇങ്ങനെയല്ല സമീപിക്കേണ്ടതെന്നായിരുന്നു സിഡ്‌നി മോർണിങ്ങിലെ വിമർശനം. ട്രാവിസ് ഹെഡിനെ പുറത്തിരുത്തിയ തീരുമാനം മണ്ടത്തരമായിപ്പോയെന്നാണ് ടെലഗ്രാഫ് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെ രണ്ടാം ടെസ്റ്റിൽ നിർബന്ധമായും കളിപ്പിക്കണമെന്നും വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചത് വിശ്വസിക്കാൻ പ്രയാസമാണെന്നായിരുന്നു ഫോക്‌സ് ന്യൂസിന്റെ അഭിപ്രായം. ആൾ റൗണ്ടർ കാമറൂൺ ഗ്രിൻ ഫിറ്റ്‌നസ് വീണ്ടെടുത്താൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്നാണ് മുൻതാരം സ്റ്റീവോ അഭിപ്രായപ്പെട്ടത്. മാറ്റ് റെൻഷോയെ മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റിലെ രണ്ടാം മത്സരം ഡൽഹിയിൽ നടക്കും.
17 മുതലാണ് മത്സരം ആരംഭിക്കുക. സ്പിൻ ബൗളർമാർ തന്നെയാകും ഇവിടങ്ങളിലും കളി തിരിക്കുക എന്നത് ഉറപ്പാണ്. രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയേയും എങ്ങനെ നേരിടണമെന്ന് ഇപ്പോഴും ആസ്‌ട്രേലിയക്ക് പിടികിട്ടിയിട്ടില്ല. കൂട്ടിന് അക്‌സർ പട്ടേൽ കൂടി എത്തുന്നതോടെ ഏത് ബാറ്റർമാരും പേടിക്കുന്ന ബൗളിങ് സംഘമായി ഇന്ത്യയുടെത്. അതേസമയം ആദ്യ ഇന്നിങ്‌സിൽ ശ്രമിച്ച് നോക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ അതിനുപോലും ഇന്ത്യൻ ബൗളർമാർ അനുവദിച്ചിരുന്നില്ല.