'നിങ്ങളുടെ രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾക്ക് ചീത്തപ്പേര് ഉണ്ടാക്കുകയാണ്': ഷൂ ആഘോഷത്തിൽ അധിക്ഷേപിക്കുന്നവർക്ക് ഷംസിയുടെ മറുപടി
''ബാറ്റർമാരെ ഒരിക്കലും അവഹേളിക്കുന്നതിന് വേണ്ടിയല്ലിത്,തമാശ എന്ന നിലയിൽ കണ്ടാൽ മതി''
ജൊഹന്നാസ്ബർഗ്: വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഷൂ ഊരിയുള്ള ആഘോഷത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കയുടെ സ്പിന്നർ തബ്‌രീസ് ഷംസി. ബാറ്റർമാരെ ഒരിക്കലും അവഹേളിക്കുന്നതിന് വേണ്ടിയല്ല ഇങ്ങനെ ചെയ്യുന്നതെന്നും തമാശ എന്ന നിലയിൽ കണ്ടാൽ മതിയെന്നുമാണ് ഷംസിയുടെ പ്രതികരണം.
എക്സിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ''ഒരുപാട് കുട്ടികൾ ആസ്വദിക്കുന്ന രസകരമായൊരു ആഘോഷം മാത്രമാണിത്. ബാറ്റർമാരോടുള്ള അനാദരവ് അല്ല. ഇതിന് മുമ്പ് പലവട്ടം ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. ഈ ആഘോഷത്തിന്റെ പേരിൽ എനിക്ക് നേരെ അധിക്ഷേപം ചൊരിയുന്നവർ നിങ്ങളുടെ രാജ്യത്തെ യഥാർഥ ക്രിക്കറ്റ് പ്രേമികൾക്ക് ചീത്തപ്പേര് ഉണ്ടാക്കുകയാണ്''- ഇങ്ങനെയായിരുന്നു ഷംസിയുടെ ട്വീറ്റ്.
വമ്പൻ അടികൾ പിറന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരത്തിൽ പന്ത് കൊണ്ട് അത്ഭത പ്രകടനമാണ് ഷംസി കാഴ്ചവെച്ചത്. നാല് ഓവറിൽ വെറും 18 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. സൂര്യകുമാർ യാദവിന്റെ വിക്കറ്റാണ് ഷംസി എടുത്തത്. ഈ വിക്കറ്റിന്റെ ആഘോഷത്തിനാണ് ഷംസി, ഷൂ ഊരിയത്. 36 പന്തുകളിൽ നിന്ന് 56 റൺസുമായി കത്തിനിൽക്കുന്നതിനിടെയാണ് ഷംസി, സൂര്യകുമാറിനെ മടക്കുന്നത്.
മാർക്കോ ജാനേസന് ക്യാച്ച് നൽകിയായിരുന്നു സൂര്യകുമാർ യാദവ് മടങ്ങിയത്. മഴ കളിച്ച മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് പ്രകാരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എടുത്തു. നിശ്ചിയിച്ച ഓവറിൽ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
Summary-Tabraiz Shamsi reveals reason behind 'shoe-call' celebration