ശിഖർ ധവാൻ, ഇന്ത്യൻ ക്രിക്കറ്റിലെ വിശ്വസ്തൻ; നിശബ്ദമായി അവസാനിച്ച കരിയർ

ഐ.സി.സി ടൂർണമെന്റുകളിൽ ഇന്ത്യക്കായി സ്ഥിരതയോടെ ബാറ്റ് വീശിയ താരമാണ് ധവാൻ

Update: 2024-08-26 11:25 GMT
Editor : Sharafudheen TK | By : Sharafudheen TK
Advertising

ആഭ്യന്തര ക്രിക്കറ്റിലും ബൈലാക്ടറൽ പരമ്പരകളിലുമെല്ലാം മിന്നും പ്രകടനം. എന്നാൽ ഐ.സി.സിയുടെ വലിയ വേദികളിലേക്കെത്തുമ്പോൾ സമ്മർദ്ദത്തിന് അടിപ്പെട്ട് പ്രതിഭയുടെ നിഴൽമാത്രമാകുന്നു... സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയാണിത്. കുറച്ച് വർഷം പിറകിലേക്ക് സഞ്ചരിക്കാം. വലിയ വേദികളിൽ നിർഭയത്തോടെ ബാറ്റുവീശുന്ന, സ്ഥിരതയുടെ മറുവാക്കായ ഒരു ഇടംകൈയ്യൻ ബാറ്ററുണ്ടായിരുന്നു അന്ന് ഇന്ത്യക്ക്. നങ്കൂരമിട്ടുകഴിഞ്ഞാൽ എതിർബൗളർമാരുടെ ക്ഷമയെ പരീക്ഷിക്കുന്ന താരം. ശിഖർ ധവാൻ. ഇന്ത്യൻ ക്രിക്കറ്റിലെ ഗബ്ബർ.

എങ്ങനെയാണ് ശിഖർ ധവാന് ഗബ്ബർ എന്ന വിളിപ്പേരുവന്നത്. വളരെ രസകരമാണ് ഇതിനു പിന്നിലുള്ള കഥ. മുൻപൊരിക്കൽ ഒരു ഇന്റർവ്യൂവിൽ ധവാൻതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരിക്കുന്ന കാലം. അന്ന് സഹ താരങ്ങൾക്കൊപ്പമുള്ള നിമിഷത്തിൽ ക്ലാസിക് ബോളിവുഡ് ചിത്രമായ ഷോലയിലെ '' ബഹുത് യാരാനേ ലഗ്താ ഹേ''... എന്ന ഡയലോഗ് ഉറക്കെ പറയുമായിരുന്നു. അന്നത്തെ പരിശീലകൻ വിജയി അടക്കം എല്ലാവരും അത് നന്നായി ആസ്വദിച്ചു. എല്ലാവരും ഗബ്ബർ എന്ന് വിളിച്ചു തുടങ്ങി. അങ്ങനെ ഷോലെയിലെ പ്രതിനായകൻ ഗബ്ബർ സിങിന്റെ പേര് ധവാനൊപ്പം ചേർക്കപ്പെട്ടു. പിന്നീട് ഇന്ത്യൻ ജഴ്‌സിയിൽ നേട്ടങ്ങളുടെ പടികൾ ഓരോന്നായി കയറുമ്പോഴും ആ പേര് ഒപ്പംകൂടി.

Full View

വെറുതെയിട്ടൊരു പേരായിരുന്നില്ല ഗബ്ബർ എന്നത് പിൻകാലത്തെ ധവാന്റെ ക്രിക്കറ്റ് കരിയർ വ്യക്തമാക്കുന്നു. ബാറ്റിങിലുള്ള താരത്തിന്റെ അക്രമണോത്സുക സമീപനവും ബാറ്റിങിലുള്ള നിർഭയത്വവുമെല്ലാം ആ പേര് ക്രിക്കറ്റിലെ ഐഡന്റിറ്റിയായി. ധവാന്റെ ക്രിക്കറ്റ് കരിയർ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. കൺസിസ്റ്റൻസി എപ്പോഴും നിലനിർത്തിയ താരം. ഓപ്പണിങ് റോളിൽ ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അടുത്ത മത്സരത്തിൽ സെഞ്ച്വറിയുമായി അവൻ മടങ്ങിയെത്തും. പരിശീലകർക്കും ക്യാപ്റ്റനുമുള്ള ഒരു കളിക്കാരനോടുള്ള ആ കോൺഫിഡൻസിന്റെ പേരായിരുന്നു ധവാൻ. ആ വിശ്വാസം എക്കാലവും കാത്തുസൂക്ഷിക്കാൻ ഡൽഹിക്കാരന് കഴിഞ്ഞിരുന്നു. സൗരവ് ഗാംഗുലിക്കും ഗൗതം ഗംഭീറിനും ശേഷം ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച മികച്ചൊരു ഇടംകൈയ്യൻ ബാറ്റ്സ്മാൻ.



14 വർഷത്തെ ക്രിക്കറ്റ് കരിയറിൽ അത്ഭുതപ്പെടുത്തുന്ന റെക്കോർഡ് പ്രകടനമൊന്നും താരത്തിൽ നിന്നുണ്ടായിട്ടില്ല. എന്നാൽ രോഹിത്-കോഹ്ലി സഖ്യത്തിനൊപ്പം ചേർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ ധവാൻ കളിച്ച ആ ഇന്നിങ്സുകൾ ഇന്നും ആരാധകരുടെ മനസിൽ മായാതെയുണ്ടാകും. സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും കഴിഞ്ഞാൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് സെഞ്ച്വറി കൂട്ടുകെട്ട് രോഹിതിന്റേയും ധവാന്റേയും പേരിലാണ്. 115 ഇന്നിങ്സുകളിൽ നിന്നായി ഇരുവരും ഒന്നാംവിക്കറ്റിൽ 18 തവണയാണ് 100 റൺസ് കൂട്ടിചേർത്തത്. ഓസീസിന്റെ എക്കാലത്തേയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ ആദം ഗിൽക്രിസ്റ്റ്-മാത്യുഹൈഡൻ സഖ്യത്തെ പോലും മറികടന്നായിരുന്നു അക്കാലത്തെ ഇരുവരുടേയും ഈ നേട്ടം.



 2010 ൽ ആസ്‌ത്രേലിയക്കെതിരെ വിശാഖപട്ടണം ഏകദിനത്തിലൂടെ ദേശീയ ടീമിൽ അരങ്ങേറിയ താരം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ടെസ്റ്റിൽ പാഡണിയുന്നത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അപൂർവ്വ നേട്ടവും സ്വന്തമാക്കി. 2013 ൽ ആസ്ത്രേലിയക്കെതിരെ മൊഹാലിയിൽ നേടിയത് 187 റൺസ്. സെഞ്ച്വറി നേടിയത് 85 പന്തിൽ. അരങ്ങേറ്റക്കാരന്റെ അതിവേഗ സെഞ്ച്വറിയെന്ന ലോക റെക്കോർഡ്, 2013-2017 ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ്, അതിവേഗത്തിൽ 6000 റൺസ് നേടുന്ന താരങ്ങളിൽ അഞ്ചാമത്, ഇന്ത്യക്ക് പുറത്ത് 17 മത്സരങ്ങളിൽ 12 സെഞ്ച്വറി, ഐ.പി.എല്ലിൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം, ഐപിഎല്ലിൽ കൂടുതൽ ബൗണ്ടറി നേടിയവരിൽ ഒന്നാമത്. 768 ഫോറുകൾ. 14 വർഷ കരിയറിൽ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും കൈയ്യൊപ്പ് ചാർത്തിയ താരമെന്ന് നിസംശംയം പറയാം.



 മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയിലാണ് ധവാന്റെ പകർന്നാട്ടം ക്രിക്കറ്റ് ലോകം കൂടുതലായി കണ്ടത്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങിയ ചുരുക്കം താരങ്ങളിലൊരാൾ. 164 ഏകദിനങ്ങളിൽ നിന്നായി 6793 റൺസാണ് സമ്പാദ്യം. 44.11 ബാറ്റിങ് ശരാശരിയിൽ ബാറ്റുവീശിയ ധവാൻ 17 സെഞ്ച്വറിയും 39 അർധ സെഞ്ച്വറിയും നേടി. റെഡ്ബോൾ ക്രിക്കറ്റിൽ കളത്തിലിറങ്ങയിയത് 58 മാച്ചുകളിൽ. 40.61 ശരാശരിയിൽ 2315 റൺസ്. ഏഴ് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും. ടി20യിൽ 66 ഇന്നിങ്സുകളിൽ പാഡണിഞ്ഞപ്പോൾ 11 അർധ സെഞ്ച്വറികളും അടിച്ചെടുത്തു. 1759 റൺസാണ് കുട്ടിക്രിക്കറ്റിലെ സമ്പാദ്യം. ഐ.പി.എല്ലിൽ ഇതുവരെയായി 6769 റൺസാണ് വിവിധ ഫ്രാഞ്ചൈസികൾക്കായി നേടിയത്.



ധോണിയുടെ കളിക്കൂട്ടത്തിലെ പ്രധാനിയായ ധവാനെ മറ്റുകളിക്കാരിൽ നിന്ന് വേറിട്ടുനിർത്തിയത് വലിയ ടൂർണമെന്റുകളിൽ പുലർത്തുന്ന അസാമാന്യ പ്രകടനമാണ്. ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി തുടങ്ങി ഐ.സി.സി വേദികളിൽ മികച്ച ബാറ്റിങ് ശരാശരിയുള്ള കളിക്കാരിൽ ഒന്നാമതാണ് ധവാൻ. 20 ഇന്നിങ്സുകളിൽ നിന്നായി നേടിയത് 1239 റൺസ്. ബാറ്റിങ് ശരാശരി 65.15. ആ ബാറ്റിൽ നിന്ന് പിറന്നത് ആറ് സെഞ്ച്വറികൾ. സമീപകാലത്ത് ലോക വേദികളിൽ തകർപ്പൻ പ്രകടനം നടത്തുന്ന സാക്ഷാൽ വിരാട് കോഹ്ലി പോലും ഈ ലിസ്റ്റിൽ രണ്ടാമതാണ്. ഗബ്ബാർ എന്ന പേരിനൊപ്പം ധാവാന് അധികമാരുമറിയാത്ത മറ്റൊരു വിളിപ്പേര് കൂടിയുണ്ടായിരുന്നു. മിസ്റ്റർ ഐ.സി.സി. ഐ.സി.സി ടൂർണമെന്റുകളിലെ ഈ സ്ഥിരതയായ പ്രകടനം ധവാന്റെ ക്രിക്കറ്റ് കരിയറിന്റെ ആരംഭകാലം മുതലുള്ളതാണ്.



 2004 അണ്ടർ 19 ലോകകപ്പിൽ 505 റൺസാണ് ഈ ഇടംകൈയ്യൻ ബാറ്റർ നേടിയത്. റൺവേട്ടക്കാരിൽ ഒന്നാമത്. അന്ന് രണ്ടാമത് എത്തിയത് ഇംഗ്ലണ്ട് ഇതിഹാസം അലസ്റ്റിർ കുക്കായിരുന്നു. 2013 ചാമ്പ്യൻസ് ട്രോഫിയിൽ ധവാന്റെ വിശ്വരൂപം ക്രിക്കറ്റ് ലോകം കണ്ടു. രണ്ട് സെഞ്ചുറി ഉൾപ്പെടെ 90 ശരാശരിയിൽ 363 റൺസായിരുന്നു ടൂർണമെന്റിൽ ധവാൻ നേടിയത്. അന്ന് ഇന്ത്യ കിരീടം ഉയർത്തിയപ്പോൾ ടൂർണമെന്റിലെ താരമായതും ഡൽഹിക്കാരൻ. 2015 ഏകദിന ലോകകപ്പിലും ഇന്ത്യൻ ഇന്നിങ്സുകൾക്ക് കരുത്തായത് ധവാൻ നൽകിയ വൈബ്രന്റ് തുടക്കമായിരുന്നു. സെമിയിൽ കിരീട മോഹം പൊലിഞ്ഞെങ്കിലും ടോപ് സ്‌കോറർ നേട്ടം മറ്റെവിടേക്കും പോയില്ല. രണ്ട് സെഞ്ച്വറികൾ സഹിതം ലോകകപ്പിൽ നേടിയത് 412 റൺസ്. അടുത്തത് 2017 ചാമ്പ്യൻസ് ട്രോഫി. അവിടെയും എതിരാളികൾ ധവാന്റെ ബാറ്റിങ് ചൂടറിഞ്ഞു. ക്രീസ് വിട്ട് പുറത്തേക്കിറങ്ങിയുള്ള കവർഡ്രൈവുകളും പുൾഷോട്ടുകളും ബൗണ്ടറിലൈലിനെ ചുംബിക്കുന്നത് കാണുന്നത് പോലും ക്രിക്കറ്റിലെ മനോഹരകാഴ്ചയായിരുന്നു.



2017ൽ പാകിസ്താനു മുന്നിൽ ഫൈനലിൽ വീണെങ്കിലും ഒരു സെഞ്ച്വറിയടക്കം 363 റൺസുമായി പതിവുപോലെ തന്റെ റോൾ അയാൾ ഭംഗിയാക്കി. രണ്ട് വർഷങ്ങൾക്കിപ്പുറം നടന്ന ഏകദിന ലോകകപ്പിലും ധവാൻ സ്ഥാനംപിടിച്ചിരുന്നു. എന്നാൽ മിന്നും ഫോമിൽ കളിക്കവെ പരിക്ക് വില്ലനായെത്തി. കളത്തിന് പുറത്തേക്ക്. പിന്നീട് തുടരെ പരിക്ക് ആ കരിയറിന് കരിനിഴൽ വീഴ്ത്തികൊണ്ടേയിരുന്നു.  ഇടക്ക് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പ്രതിഭയുടെ മിന്നലാട്ടങ്ങൾ മാത്രമായി പലപ്പോഴും അവസാനിച്ചു. 2022 ൽ ബംഗ്ലാദേശിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്. 2018 ന് ശേഷം റെഡ് ബോൾ ക്രിക്കറ്റിലും ഇടമുണ്ടായില്ല. 12 ഏകദിനങ്ങളിലും 3 T20 മത്സരങ്ങളിലും ഇന്ത്യൻ ടീമിനെ നയിച്ചു.

ഒടുവിൽ 38ാം വയസിൽ കളിക്കളത്തോട് വിടപറയുന്നു. ''ഇന്ത്യക്ക് വേണ്ടി കളിക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അതു നേടാൻ സാധിച്ചു. ക്രിക്കറ്റ് ജീവിതത്തോട് വിടപറയുന്നു''. വിരമിക്കൽ പ്രഖ്യാപനത്തിൽ ഏറെ വികാരാധീനനായി ആരാധകരുടെ പ്രിയ ഗബ്ബർ പറഞ്ഞു. ബൗണ്ടറി ലൈനിലേക്ക് വരച്ച് വിടുന്ന ആ മനോഹര കവർഡ്രൈവുകൾ ഇനി ആരാധകർക്ക് നൊസ്റ്റാൾജിയ മാത്രം... ക്യാച്ച് എടുത്ത ശേഷം ഗ്യാലറിയിലേക്ക് നോക്കി കാൽ ഉയർത്തിയുള്ള ട്രേഡ് മാർക്ക് സെലിബ്രേഷൻ ഇനി കാണാനാകുമോ....അയാളൊരു പോരാളിയായിരുന്നു. ഇന്ത്യൻ നീലകുപ്പായത്തിൽ ധവാൻ ക്രീസിലുണ്ടെങ്കിൽ അതൊരു വിശ്വാസമാണ്. അടുത്തിടെ ശ്രീലങ്കക്കെതിരെ നടന്ന ഏകദിന മത്സരങ്ങളിൽ ഇന്ത്യ ദയനീയ തോൽവി നേരിട്ടപ്പോൾ ആരാധകർ ഒരു നിമിഷം ചിന്തിച്ചുകാണും... ഓപ്പണിങ് റോളിൽ ധവാൻ ഉണ്ടായിരുന്നെങ്കിൽ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sharafudheen TK

contributor

Similar News