പിഴവുകൾ പരിഹരിച്ച് തിരിച്ചുവരവ്; യുവി ഒഴിച്ചിട്ട കസേരയിലേക്കോ ശിവം ദുബെ

ദീർഘകാലത്തിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ 30 കാരനുമായി എല്ലായിപ്പോഴും താരതമ്യം മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവിയുമായാണ്.

Update: 2024-01-12 11:53 GMT
Editor : Sharafudheen TK | By : Web Desk
Advertising

അഫ്ഗാനിസ്താനെതിരെ അർധ സെഞ്ചുറി നേടിയ ശിവം ദുബെ അപൂർവ്വമായൊരു ക്ലബിൽ ഇടം നേടിയിരുന്നു. ഒരു മത്സരത്തിൽ അർധസെഞ്ചുറിയും വിക്കറ്റും നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് മൊഹാലിയിലെ മാൻഓഫ്ദി മാച്ച് ഇന്നിങ്‌സിലൂടെ ദുബെ സ്വന്തമാക്കിയത്. ഈ പട്ടികയിലെ ഒന്നാമൻ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങാണ്. മൂന്ന് തവണയാണ് യുവി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയത്.

ദീർഘകാലത്തിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ 30 കാരനുമായി എല്ലായിപ്പോഴും താരതമ്യം മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവിയുമായാണ്. ഷോട്ട് സെലക്ഷനിൽ ഇരുതാരങ്ങൾക്കും വലിയ സാമ്യതയുണ്ട്. ബൗൾസുകറുകളെയും ഓവർപിച്ച് പന്തുകളേയും അനായാസം മിഡ് വിക്കറ്റിലൂടെ ഗ്യാലറിയിലെത്തിക്കുന്ന ശിവം ദുബെ വിന്റേജ് യുവിയെ അനുസ്മരിക്കുന്നു. യുവി അടക്കിഭരിച്ച ഇന്ത്യൻ ടീമിലെ നാലാം നമ്പറിലാണ് താരം ഇന്നലെ ക്രീസിലെത്തിയതും. എന്നാൽ ഈ സ്ഥാനം നിലനിർത്തുകയെന്നത് അത്ര അനായാസമാകില്ല.



ഐപി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി തിളങ്ങുന്നുണ്ടെങ്കിലും സമീപകാലത്ത് നീലകുപ്പായത്തിൽ വേണ്ടത്ര ശോഭിക്കാൻ ഈ മുബൈക്കാരന് കഴിഞ്ഞിരുന്നില്ല. ഇതോടെ ട്വന്റി 20 ഇന്ത്യൻ ടീമിൽ സ്ഥിരം ഇരിപ്പിടം ലഭിച്ചില്ല. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ പരിക്കേറ്റതോടെ വീണ്ടും ദേശീയടീമിലേക്കുള്ള അവസരമൊരുങ്ങി. ആദ്യമാച്ചിൽതന്നെ വിന്നിങ് ഇന്നിങ്‌സ് കളിച്ച് വരാനിരിക്കുന്ന ട്വന്റി 20 ടീമിലേക്കുള്ള അവകാശവാദവും ദുബെ ഉന്നയിച്ചു കഴിഞ്ഞു.

നേരത്തെ സ്ഥിരമായി വിമർശനമുയർന്നിരുന്നത് താരത്തിന്റെ ഫുട്‌വർക്കിനെ കുറിച്ചായിരുന്നു. ബാക്ക് ഫുട്ടിൽ മാത്രമാണ് താരത്തിന് കളിക്കാനാകുക. ഫ്രണ്ട്ഫുട്ടിൾ ഷോട്ട് കളിക്കുന്നതിൽ പരാജയമാകുന്നു. ട്വന്റി 20 പോലൊരു ഫോർമാറ്റിൽ ഇത് വലിയ നെഗറ്റീവായാണ് വിലയിരുത്തിയത്. എന്നാൽ മടങ്ങിയെത്തിയ ദുബെ ഈ ആരോപണങ്ങളെ റദ്ദ് ചെയ്യുന്ന ഇന്നിങ്‌സാണ് മൊഹാലിയിൽ കാഴ്ചവെച്ചത്. മികച്ച ട്വന്റി 20 ബോളറായ നവീൻ ഉൽ ഹഖിനെ അനായാസമായി ഫ്രണ്ട് പുട്ടിൽ കവർഡ്രൈവ് കളിക്കാൻ ദുബെയ്ക്ക് കഴിയുന്നു. തന്റെ ട്രേഡ്മാർക്ക് ഷോട്ടിന് പുറമെ മോശം പന്തുകളെ മാത്രം തെരഞ്ഞുപിടിച്ച് ഷോട്ടുതിർക്കുന്നു. ലെഗ് സൈഡിൽ മാത്രമല്ല, ഓഫിലും കളിക്കാനറിയാമെന്ന് തെളിയിക്കുന്നതായി 60 നോട്ടൗട്ട് ഇന്നിങ്‌സ്.

യുവിയുമായുള്ള താരതമ്യത്തിൽ ദുബെയെ പലപ്പോഴും വിമർശകർ ആയുധമാക്കിയത് ഫുട് വർക്കിലെ പ്രശ്‌നം തന്നെയായിരുന്നു. പുൾ ഷോട്ടുകൾക്ക് പുറമെ സ്വീപ്‌ഷോട്ടുകളും ഓഫ് ഡ്രൈവുകളും യുവിയുടെ ബാറ്റിൽ നിന്ന് നിരന്തരം പ്രവഹിച്ചിരുന്നു. എന്നാൽ മടങ്ങിവരവിൽ തന്റെ പിഴവുകൾ പരിഹരിച്ച ദുബെയെയാണ് കണ്ടത്. ക്ഷമയോടെ, സാഹചര്യമനുസരിച്ചുള്ള ഇന്നിങ്‌സ് പടുത്തുയർത്താൻ താരത്തിന് കഴിഞ്ഞു. വികൃതി പയ്യനിൽ നിന്ന് മികച്ചൊരു യൂട്ടിലിറ്റി പ്ലെയറിലേക്കുള്ള ട്രാൻസ്ഫർമേഷൻ.

ബൗളിങിലും ഈ മികവ് പുലർത്താനായാൽ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ മികച്ചൊരു ഓൾറൗണ്ടർ ഓപ്ഷനായി ഈ സി.എസ്.കെ താരത്തെ പരിഗണിക്കേണ്ടിവരും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ നിർദേശങ്ങളും താരത്തിന്റെ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വിമർശനകാലത്തും താരത്തിന് പിന്തുണനൽകി സിഎസ്‌കെ ഒപ്പംനിന്നിരുന്നു. അഫ്ഗാനെതിരായ വിജയശേഷം ദുബെ ഇന്നിങ്‌സ് സമർപ്പിച്ചതും ചെന്നെയുടെ 'തലെ'യ്ക്കാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News