''സച്ചിന്‍റെ ആ റെക്കോർഡിനൊപ്പമെത്താൻ കോഹ്ലി കുറേ കഷ്ടപ്പെടും''- ശുഐബ് അക്തര്‍

കോഹ്ലി ഓപ്പണറാകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും ഓപ്പണിങ്ങില്‍ ഇന്ത്യയ്ക്ക് ലോകോത്തര താരങ്ങളുണ്ടെന്നും അക്തര്‍

Update: 2022-09-10 14:53 GMT
Advertising

സമീപകാലത്ത്  ഫോം കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന വിരാട് കോഹ്‍ലി ഏഷ്യാ കപ്പോട് കൂടി ഫോമിലേക്ക് തിരിച്ചു വന്നത് ആരാധകരെ ആവേശത്തിന്‍റെ പരകോടിയിലെത്തിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമായി തകര്‍പ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. 

ഏഷ്യാ കപ്പ് വിരാട് കോഹ്‍ലിക്ക് അഗ്നിപരീക്ഷ തന്നെയായിരുന്നു. 1021 ദിവസങ്ങളും 84 ഇന്നിങ്സകളും നീണ്ട കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ടാണ് കോഹ്‍ലി മൂന്നക്കമെന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടത്. അന്താരാഷ്ട്ര ടി20 യിലെ കോഹ്‍ലിയുടെ ആദ്യ സെഞ്ച്വറിയാണിത്. ഇതോടെ കോഹ്‌ലി രാജ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്തി. 71 സെഞ്ച്വറികളുമായി ഇരുവരും രണ്ടാം സ്ഥാനത്താണ്. സെഞ്ച്വറികളുടെ എണ്ണത്തിൽ  ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ മാത്രമാണ് ഇനി കോഹ്‍ലിക്ക് മുന്നിലുള്ളത്. 

സച്ചിന്‍റെ നേട്ടത്തിനൊപ്പമെത്താൻ കോഹ്‍ലി കുറച്ചു കഷ്ടപ്പെടുമെന്ന്  പറയുകയാണിപ്പോള്‍ മുന്‍ പാക് ബോളര്‍ ശുഐബ് അക്തര്‍. 70 ല്‍ നിന്ന് 71ാം സെഞ്ച്വറിയിലെത്താന്‍ കോഹ്‍ലി നീണ്ട കാലയളവാണെടുത്തത് എന്നും അതിനാല്‍ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കുറച്ചു വിയര്‍ക്കേണ്ടി വരുമെന്നും അക്തര്‍ പറഞ്ഞു. ഫോമിലേക്ക് തിരിച്ചെത്തിയ കോഹ്‍ലിയെ പുകഴ്ത്താനും താരം മറന്നില്ല. 

"ആദ്യത്തെ അര്‍ധ സെഞ്ച്വറിയില്‍ യഥാര്‍ത്ഥ കോഹ്ലി ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയോടെ ഞാന്‍ യഥാര്‍ത്ഥ  കോഹ്ലിയെ കണ്ടു. സെഞ്ച്വറി നേടിയതോടെ കോഹ്ലി തന്‍റെ ഫോം തിരിച്ചുപിടിച്ചിരിക്കുന്നു"- അക്തര്‍ പറഞ്ഞു. കോഹ്ലി ഓപ്പണറാകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും ഓപ്പണിങ്ങില്‍ ഇന്ത്യയ്ക്ക് ലോകോത്തര താരങ്ങളുണ്ടെന്നും അക്തര്‍ പറഞ്ഞു. 

 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News