'ഇന്ത്യന്‍ ടീമില്‍ കോഹ്ലിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്' ;ടീമില്‍ വിഭാഗീയതയുണ്ടെന്ന പരാമര്‍ശവുമായി ശുഐബ് അക്തര്‍
തന്‍റെ യൂ ട്യബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇന്ത്യൻ ടീമിലുണ്ടെന്ന് മുൻ പാക് ഫാസ്റ്റ് ബൗളർ ശുഐബ് അക്തർ. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീമിൽ വിഭാഗീയതയുണ്ടെന്ന വിവാദ പരാമർശവുമായി ശുഐബ് അക്തർ രംഗത്ത് വന്നത്. ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ മോശം പ്രകടനത്തിന് കാരണം ഈ വിഭാഗീയതയാണെന്നും ശുഐബ് അക്തർ പറഞ്ഞു.
'ഇന്ത്യൻ ടീമിൽ രണ്ടു ഗ്രൂപ്പുകളുണ്ടോ എന്നെനിക്ക് സംശയമുണ്ട്. ഒരു വിഭാഗം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണക്കുമ്പോൾ മറുവിഭാഗം കോഹ്ലിയെ എതിർക്കുന്നവരാണ്. ഈ ടീമിൽ ഐക്യമില്ലെന്ന കാര്യം വ്യക്തമാണ്'. ശുഐബ് അക്തർ പറഞ്ഞു. തന്‍റെ യൂ ട്യബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്.കോഹ്ലി മികച്ച കളിക്കാരനാണെന്നും ചിലപ്പോൾ അദ്ദേഹത്തിന്‍റെ തെറ്റായ തീരുമാനങ്ങൾ കൊണ്ടാവാം കളിക്കാർ അദ്ദേഹത്തിനെതിരെ തിരിയുന്നത് എന്നും അക്തർ കൂട്ടിച്ചേർത്തു.
ട്വന്‍റി -20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസിലാന്‍റിനോടുമേറ്റ തുടർ തോൽവികളുടെ പശ്ചാതലത്തിലാണ് അക്തറിന്‍റെ പ്രതികരണം. ന്യൂസിലാന്‍റിനെതിരായ മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ മനോഭാവവും ശരീരഭാഷയും ശരിയല്ലായിരുന്നുവെന്നും അത് കൊണ്ടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത് എന്നും ശുഐബ് അക്തർ കൂട്ടിച്ചേർത്തു. ടോസ് നഷ്ടമായതോടെ കളിക്കാർ നിരാശയിലായിരുന്നുവെന്ന് പറഞ്ഞ അക്തർ ആ സമയത്ത് അവർക്ക് ടോസ് മാത്രമാണ് നഷ്ടമായതെന്നും കളി നഷ്ടമായിരുന്നില്ല എന്നും കൂട്ടിച്ചേർത്തു