ബിസിസിഐ സമ്മർദ്ദം പണിയായി; ശ്രേയസിന് വീണ്ടും പരിക്ക്, ഐപിഎൽ നഷ്ടമായേക്കും
രഞ്ജി ട്രോഫി ഫൈനലിൽ ഇറങ്ങിയ ശ്രേയസ് രണ്ടാം ഇന്നിങ്‌സിൽ 95 റൺസെടുത്ത് തിളങ്ങിയിരുന്നു.
മുംബൈ: ബിസിസിഐ സമ്മർദ്ദത്തിന് വഴങ്ങി രഞ്ജി ട്രോഫിയിൽ കളിച്ച ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരിക്ക്. പുറം വേദനയെ തുടർന്ന് രഞ്ജി ട്രോഫി ഫൈനലിലെ നാലാം ദിനം താരം ഫീൽഡിങിന് ഇറങ്ങിയില്ല. ഇതോടെ ഐപിഎലിലെ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമായേക്കുമെന്നും റിപ്പോർട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനാണ് ശ്രേയസ് അയ്യർ. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം താരം കളിച്ചിരുന്നില്ല. പുതിയ സീസൺ ആരംഭിക്കാൻ ഒൻപത് ദിവസങ്ങൾ ബാക്കിനിൽക്കെ താരത്തിന്റെ പരിക്ക് കെകെആറിന് ആശങ്കയായി.
വിദർഭക്കെതിരായ രഞ്ജി ട്രോഫി ഫൈനലിൽ ഇറങ്ങിയ ശ്രേയസ് രണ്ടാം ഇന്നിങ്‌സിൽ 95 റൺസെടുത്ത് തിളങ്ങിയിരുന്നു. എന്നാൽ പുറം വേദനയെ തുടർന്ന് ഫീൽഡിങിന് ഇറങ്ങാനായില്ല. രഞ്ജി ട്രോഫി കളിക്കാൻ വിമുഖത കാണിച്ചതിന് ഇഷാൻ കിഷനേയും ശ്രേയസ് അയ്യരേയും നേരത്തെ ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയിരുന്നു. എത്ര വലിയ സീനിയർ താരങ്ങളാണെങ്കിലും ദേശീയ ടീമിൽ കളിക്കാത്ത സമയങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകണമെന്ന കർശന താക്കീതും അധികൃതർ നൽകി. ഇതോടെയാണ് 29കാരൻ മുംബൈക്കായി കളിക്കാനിറങ്ങിയത്. തമിഴ്‌നാടിനെതിരായ സെമിയിൽ മൂന്ന് റൺസാണ് നേടിയത്. ഫൈനലിൽ വിദർഭക്കെതിരെ ആദ്യ ഇന്നിങ്‌സിൽ പരാജയമായെങ്കിലും രണ്ടാം ഇന്നിങ്‌സിൽ 95 റൺസുമായി തിരിച്ചുവരവ് നടത്തി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് പുറംവേദനയെ തുടർന്ന് താരം വിട്ടുനിന്നത്.
അതേസമയം, പരിക്ക് ഗുരുതരമല്ലെന്നാണ് മുംബൈ മാനേജ്‌മെന്റ് പറയുന്നത്. രണ്ട് വർഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരുക്ക് കാരണം ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ബിസിസിഐയുടെ സമ്മർദ്ദനീക്കം താരത്തെ ബലിയാടാക്കുകയായിരുന്നതായി സമൂഹമാധ്യമങ്ങളിൽ ആരോപണം ശക്തമായി.