'വിവാദമാക്കാനൊന്നുമില്ല, ആ ബൈ റൺ ശരിയാണ്': സൈമൺ ടോഫൽ പറയുന്നു...
പന്തിൽ കോലി ബൗൾഡായതിനാൽ ഈ റണ്ണുകൾ അനുവദിച്ചത് തെറ്റായ തീരുമാനമാണെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായങ്ങളുയർന്നിരുന്നു
സിഡ്‌നി: ആവേശം വാനോളം ഉയർന്ന മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും ലോകകപ്പിൽ നടന്ന മത്സരം. അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയം. അതുവരെ ഇരു ടീമുകളുടെയും ജയപരാജയങ്ങൾ മാറിമറിഞ്ഞു. ചില വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. അതിലൊന്നായിരുന്നു ഫ്രീ ഹിറ്റിൽ ഇന്ത്യ ഓടിയെടുത്ത മൂന്ന് റൺസ്. പന്ത് വിക്കറ്റിൽ കൊണ്ടിട്ടും റൺസ് എടുത്തതാണ് ചിലര്‍ വിവാദമാക്കിയത്.
പന്തിൽ കോലി ബൗൾഡായതിനാൽ ഈ റണ്ണുകൾ അനുവദിച്ചത് തെറ്റായ തീരുമാനമാണെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായങ്ങളുയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് മുന്‍ അമ്പയര്‍ സൈമണ്‍ ടോഫല്‍ രംഗത്ത് എത്തിയിരിക്കുന്നു. മത്സരത്തിൽ അമ്പയർമാർ എടുത്ത തീരുമാനം ശരിയാണെന്നാണ് സൈമൺ ടോഫൽ തൻ്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ കുറിച്ചത്.
"പന്ത് സ്റ്റമ്പിൽ കൊണ്ട് തേർഡ്‌മാനിലേക്ക് പോയപ്പോൾ ബാറ്റർമാർ ഓടിയെടുത്ത മൂന്ന് റൺസിൽ ബൈ വിളിച്ച അമ്പയർമാരുടെ തീരുമാനം ശരിയാണ്. ഫ്രീ ഹിറ്റിൽ ബൗൾഡായാൽ പരിഗണിക്കില്ല. അതുകൊണ്ട് തന്നെ ആ പന്ത് സ്റ്റമ്പിൽ തട്ടിയതുകൊണ്ട് ഡെഡ് ആയിട്ടില്ല. അതിനാൽ ബൈ വിളിക്കാനുള്ള തീരുമാനം വളരെ ശരിയാണ്."- ടോഫൽ കുറിച്ചു. 2004- 2008 വരെ ഐസിസിയുടെ മികച്ച അമ്പയർ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട് സൈമൺ ടോഫൽ.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യ ആവേശകരമായ ജയമാണ് നേടിയത്. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 53 പന്തില്‍ 82 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തകർച്ചയിൽ നിന്ന് കരകയറിയ പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 എന്ന സ്‌കോറാണ് നേടിയത്. അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം മറികടന്നു. വിരാട് കോഹ്ലിക്ക് പുറമെ 40 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങിയിരുന്നു.