സിതാൻഷു കൊട്ടക് ഇന്ത്യൻ ബാറ്റിങ് കോച്ചാകും
ന്യൂഡൽഹി: ഇന്ത്യൻ ബാറ്റിങ് കോച്ചാകാനൊരുങ്ങി സിതാൻഷു കൊട്ടക്. ജനുവരി 22 മുതൽ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ട്വന്റി 20 പരമ്പര മുതലാകും സിതാൻഷു ബാറ്റിങ് കോച്ചായി ചുമതല ഏറ്റെടുക്കുക. 20 വർഷത്തോളം ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ ഈ 52കാരൻ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ 2019 മുതൽ ബാറ്റിങ് കോച്ചായി പ്രവർത്തിച്ചുവരികയാണ്.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് നിയമിക്കുന്ന അഞ്ചാമത്തെയാളാണ് ഷിതാൻഷു. മുൻ ദക്ഷിണാഫ്രിക്കൻ ബൗളർ മോണെ മോർക്കൽ (ബൗളിങ് കോച്ച്), ടി ദിലീപ് (ഫീൽഡിങ് കോച്ച്), അഭിഷേക് നായർ, റ്യാൻ ടെൻ ഡസ്കാറ്റെ (അസിസ്റ്റന്റ് കോച്ച്) എന്നിവരാണ് മറ്റുള്ളവർ.
പോയ ആഴ്ച മുംബൈയിൽ നടന്ന ടീം അവലോക യോഗത്തിന് ശേഷമാണ് പുതിയ ബാറ്റിങ് കോച്ചിനെ നിയമിക്കാൻ ധാരണയായത്. ശ്രീലങ്കൻ പര്യടനം, ന്യൂസിലാൻഡും ആസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര എന്നിവയിലെല്ലാം ഇന്ത്യൻ ബാറ്റിങ് നിര അമ്പേ പരാജയമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബാറ്റിങ് കോച്ചിനെ നിയമിക്കാനുള്ള തീരുമാനം. സൗരാഷ്ട്രക്കായി 130 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ കളത്തിലിറങ്ങിയ സിതാൻഷു 130 മത്സരങ്ങളിൽ നിന്നായി 8061 റൺസ് നേടിയിട്ടുണ്ട്.